ജയദേവിയുടെ വീട്ടിൽ കുടിവെള്ളമെത്തി
1575389
Sunday, July 13, 2025 7:48 AM IST
കല്ലടിക്കോട്: പെംഫിഗസ് വൾഗാരിസ് എന്ന അപൂർവ രോഗം ബാധിച്ച കല്ലടിക്കോട് ബംഗ്ലാകുന്നിൽ ജയദേവിക്കും കുടുംബത്തിനും കുടിവെള്ളത്തിനായി ഇനി മറ്റു വീടുകളെ ആശ്രയിക്കേണ്ട. ജൽജീവൻ മിഷൻ പദ്ധതിയിലൂടെയാണ് ജയദേവിയുടെ വീട്ടിൽ കുടിവെള്ളമെത്തിയത്.
വീടിനു മുന്നിലൂടെ കുടിവെള്ള പൈപ്പ് ലൈൻ പോയിട്ടും കുടിവെള്ളം ലഭിക്കാത്തത് കൊണ്ട് കളക്ടറടക്കമുള്ളവക്ക് പരാതികൾ നൽകിയിരുന്നു. ഈ കുടുംബത്തിനു കുടിക്കാൻ വെള്ളമില്ലെന്ന് ദീപിക വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നു ജൽജീവൻ മിഷൻ ജില്ലാ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.
മണ്ണാർക്കാട് വാട്ടർ അഥോറിറ്റി അധികൃത രും സ്ഥലത്തെത്തി പൈപ്പ് കണക്ഷൻ നൽകി. അപൂർവ രോഗത്തിനെതുടർന്നുള്ള കുത്തിവെപ്പ് എടുക്കാൻ 43,000 രൂപയില്ലാതെ വിഷമിച്ചിരിക്കുന്ന ഘട്ടത്തിൽ കുടിവെള്ളത്തിന് ദൂരെയുള്ള വീടുകളെയായിരുന്നു ആശ്രയിച്ചിരുന്നത്.
ജയദേവിയുടെ ഭർത്താവ് അയ്യപ്പൻ 2020ൽ ഹൃദയഘാതം മൂലം മരിച്ചു. 87 വയസുള്ള അമ്മ, വിദ്യാർഥികളായ രണ്ടുമക്കൾ എന്നിവർ ജയദേവിയെ ആശ്രയയിച്ചാണ് ജീവിക്കുന്നത്. ഈ രോഗം വെച്ചു തന്നെയാണ് ജയദേവി പണിക്ക് പോകുന്നത്. ഒട്ടനവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജയദേവിക്ക് കുടിവെള്ളം എത്തിയതോടെ വലിയൊരു ഭാരം കുറഞ്ഞ ആശ്വാസത്തിലാണ്.
ഇനി തുടർ ചികിത്സക്കുള്ള പണം കണ്ടെത്തണം. ചോർന്നൊലിക്കുന്ന വീട് നേരെയാക്കണം. അതിനിടയിൽ മകളുടെ കല്യാണം അങ്ങനെ കുറെ പ്രശ്നങ്ങൾക്ക് നടുവിൽ കുടിവെള്ളം കിട്ടിയ സന്തോഷത്തിലാണ് ജയദേവിയും കുടുംബവും.ജയദേവിയുടെ വീട്ടിൽ കുടിവെള്ളമെത്തി