രാസവളം വിലവർധന: കിസാൻസഭ പ്രതിഷേധിച്ചു
1574973
Saturday, July 12, 2025 12:46 AM IST
മണ്ണാർക്കാട്: കാലാവസ്ഥ വ്യതിയാനത്തിൽ നട്ടംതിരിയുന്ന കർഷകർക്കുമേൽ ഇടിത്തീയായി കേന്ദ്രസർക്കാർ രാസവളത്തിന്റെ വിലയും വർധിപ്പിച്ചതിൽ കിസാൻസഭ പ്രതിഷേധിച്ചു. പൊട്ടാഷ്, ഫാക്ടംഫോസ്, ഡിഎപി വളങ്ങൾക്ക് മൂന്നിരട്ടിയിൽ അധികമാണ് വർധനവ്. അത്യാവശ്യ രാസവളമായ യൂറിയ കിട്ടാനേയില്ല. കാർഷിക രാജ്യമായ ഇന്ത്യയിലെ ഭരണകർത്താക്കൾ കർഷകരോട് കാണിക്കുന്ന നിരന്തര പ്രതികാര നടപടികളുടെ ഭാഗമാണ് രാസവള വിലവർധനവ്. ഉത്പാദന ചെലവ് കൂടുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ വരികയും തത്ഫലമായി ചെറുകിട കർഷകർ കൃഷിയിൽ നിന്നും പിന്മാറാൻ നിർബന്ധിതരാവുകയും ചെയ്യും.
രാസവള വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കിസാൻസഭ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി. കബീർ, നേതാക്കളായ ഭാസ്കരൻ മുണ്ടക്കണ്ണി, സുരേഷ് കൈതച്ചിറ, മഠത്തിൽ കൃഷ്ണകുമാർ, ടി.ടി. അബ്ദുൾ റസാക്ക്, വിനോദ്കുമാർ പ്രസംഗിച്ചു.