പുനർജനി സുകൃതവനം പദ്ധതി: വിദഗ്ധസംഘം സന്ദർശനം നടത്തി
1574975
Saturday, July 12, 2025 12:46 AM IST
ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ വംശനാശഭീഷണി നേരിടുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്ന പുനർജനി സുകൃതവനം പദ്ധതിയുടെ ഭാഗമായി പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള വിദഗ്ധസംഘം പഞ്ചായത്തിലെത്തി. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന സ്ഥലം സന്ദർശിക്കുന്നതിനായാണ് പഞ്ചായത്തിലെത്തിയത്.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തും ചിറ്റൂർ ഗവ. കോളജും സംയുക്തമായാണ് ഒമ്പതിനം സസ്യങ്ങളെ സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. പഞ്ചായത്ത് ശ്മശാനത്തോട് ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ 402 തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പ്രദേശത്ത് ആദ്യഘട്ടത്തിൽ വനവത്കരണത്തിന് അനുയോജ്യമായ വൃക്ഷങ്ങൾ, മണ്ണിന്റെ തരം എന്നിവയും സംഘം പരിശോധിച്ചു. സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള വൃക്ഷവത്കരണം നടത്തുക. കെഎഫ് ആർഎ പ്രോജക്ട് അസിസ്റ്റന്റ് പി.എസ്. ഗോകുൽ, ആൽവിൻ ഷെറിൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. കന്നിമാരിയിലുള്ള മിയോവാക്കി വനവും സംഘം സന്ദർശിച്ചു.
ജൈവവൈവിധ്യ ആവാസവ്യവസ്ഥ കേന്ദ്രമായി പ്രദേശത്തെ പ്രഖ്യാപിക്കാനുള്ള സാധ്യതയും വിലയിരുത്തി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ്, ഭരണസമിതി, ജൈവവൈവിധ്യ പരിപാലന സമിതി എന്നിവരുമായാണ് ചർച്ച നടത്തിയത്. ബിഎംസി കൺവീനർ സന്തോഷ് കുമാർ, ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ എന്നിവരാണ് സംഘാംഗങ്ങൾക്ക് പദ്ധതി പ്രദേശം പരിചയപ്പെടുത്തിയത്.