ഒറ്റപ്പാലം കുടുംബകോടതി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക്
1575378
Sunday, July 13, 2025 7:46 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം കുടുംബകോടതി മാറ്റിസ്ഥാപിക്കാൻ തീരുമാനം. തോട്ടക്കരയിലുള്ള വാടകകെട്ടിടമാണ് മാറാൻ തീരുമാനമായത്. നിലവിലുള്ള കെട്ടിടത്തിൽ വലിയ ചോർച്ചയാണ് അനുഭവപ്പെടുന്നത്. ഒറ്റപ്പാലം ആർഎസ് റോഡിലെ നേരത്തെ സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടത്തിലേക്കാണ് മാറ്റുന്നത്.
ഇപ്പോഴുള്ള കെട്ടിടത്തിൽ മഴ തുടങ്ങിയാൽ കോടതിമുറിയിലും ജീവനക്കാർ ഇരിക്കുന്ന മുറിയിലും വരാന്തകളിലുമെല്ലാം ചോർച്ചയുണ്ട്. പലയിടത്തും ചുമർകുതിർന്ന് പെയിന്റിളകിയ അവസ്ഥയിലാണ്. വാടകക്കെട്ടിടത്തിനുണ്ടായിരുന്ന സ്ഥലപരിമിതിയുടെ അസൗകര്യങ്ങൾക്കു പുറമെയാണ് ചോർച്ചയുണ്ടാക്കുന്ന പ്രശ്നങ്ങൾ.
പലയിടത്തും പാത്രങ്ങൾവച്ചാണ് വെള്ളം നിലത്താകാതെ നോക്കിയിരുന്നത്. കെട്ടിടത്തിലെ ശുചിമുറികൾ ഉപയോഗിക്കാനും പറ്റാത്തത്ര മോശാവസ്ഥയിലാണ്.
വയറിംഗ് കടന്നുപോകുന്ന ചുമരുകളായതിനാൽ ഷോക്കേൽക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ചുമരിൽ സ്പർശിക്കരുതെന്ന മുന്നറിയിപ്പ് എഴുതി ഇവിടെ ഒട്ടിക്കുകയുംചെയ്തിരുന്നു. 2013ലാണ് ഒറ്റപ്പാലത്ത് കുടുംബകോടതി ആരംഭിക്കുന്നത്. അന്നുമുതൽ തോട്ടക്കരയിലെ ഈ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
അതേസമയം പുതിയ കോടതിസമുച്ചയ നിർമാണം ഉടൻ ആരംഭിക്കാൻ പദ്ധതിയുണ്ട്. കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കണ്ണിയംപുറത്തെ സ്ഥലം ഇതിനായി വിട്ടുനൽകാൻ റവന്യൂവകുപ്പ് ഉത്തരവിട്ടിരുന്നു. ഏഴുനിലകളിലായാണ് ഒറ്റപ്പാലത്ത് പുതിയ കോടതി സമുച്ചയം നിർമിക്കാൻ ധാരണയായിരുന്നത്.
അഡീഷണൽ ജില്ലാ കോടതി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവയ്ക്ക് പുറമെ കുടുംബകോടതിയും സമുച്ചയത്തിലുൾപ്പെടും. ഈ നിർമാണം പൂർത്തിയാകും വരെയാണ് പുതിയ വാടകക്കെട്ടിടത്തിൽ കോടതി തുടരുക. അടുത്ത ദിവസം തന്നെ പുതിയ സ്ഥലത്തേക്ക് കോടതി മാറ്റും.