അകത്തേത്തറ റെയിൽവേ മേൽപ്പാലം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
1574972
Saturday, July 12, 2025 12:46 AM IST
പാലക്കാട്: അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ അനന്തമായി നീളുന്നതു തടയാൻ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നിർമാണം കാരണമുള്ള യാത്രാക്ലേശത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയറും റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ സീനിയർ എൻജിനീയറും നിർമാണ സ്ഥലത്ത് സംയുക്ത പരിശോധന നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റെയിൽവെയും റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷനും പൂർത്തിയാക്കാനുള്ള പണികൾ പരിശോധിച്ച് എത്രസമയം വേണ്ടിവരുമെന്ന് വ്യക്തത വരുത്തണം.
പരിശോധനാ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയറും റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ എംഡിയും കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.
മേൽപ്പാല നിർമാണത്തിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ ഒരു അവലോകനയോഗം കളക്ടർ വിളിച്ചു ചേർക്കണം. അവലോകന യോഗത്തിൽ പങ്കെടുക്കാൻ അകത്തേതറ നടക്കാവ് മേൽപ്പാലം ജനകീയ സമിതി കണ്‍വീനർക്ക് നോട്ടീസ് നൽകണം. അവർക്ക് പറയാനുള്ളത് കൂടി കേൾക്കണം. യോഗത്തിന്റെ റിപ്പോർട്ട് ആറാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിക്കണം.
സെപ്റ്റംബർ 24 ന് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും (കണ്‍സ്ട്രക്ഷൻ) ജില്ലാ കളക്ടറുടെയും പ്രതിനിധികൾ ഹാജരായി സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചു. റെയിൽവെക്കൊപ്പം റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷനും പാലത്തിന്റെ നിർമാണത്തിൽ പങ്കാളിയാണെന്ന് ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമ്മീഷനെ അറിയിച്ചു.
എന്നാൽ രണ്ടു സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നും കാര്യമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പരാതിക്കാരനായ ജനകീയ സമിതി കണ്‍വീനർ വിപിൻ തേങ്കുറിശി കമ്മീഷനെ അറിയിച്ചു.
നിർമാണജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.