റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലെ നിർബന്ധിത ഡിജിറ്റൽ പണമിടപാട് നിർത്തലാക്കണം: വി.കെ. ശ്രീകണ്ഠൻ എംപി
1575384
Sunday, July 13, 2025 7:48 AM IST
പാലക്കാട്: റെയിൽവെ ഡിവിഷനു കീഴിലുള്ള റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ ഡിജിറ്റൽ പണമിടപാട് നടത്താൻ സാധിക്കാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിഷേധിച്ച സംഭവത്തിൽ പാലക്കാട് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്കെതിരെ കർശനനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് വി.കെ. ശ്രീകണ്ഠൻ എംപി കത്ത് നൽകി.
ഈ നിയമവിരുദ്ധ നിർദേശം പാലക്കാട് ഡിവിഷൻ പ്രദേശത്ത് മാത്രമാണ്. റിസർവ് ബാങ്ക് ഇതുവരെ കറൻസി അച്ചടിക്കുന്നത് നിർത്തിയിട്ടില്ലാത്തതിനാലും രാജ്യത്ത് പണമിടപാടുകൾ നിർത്താൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലാത്തതിനാലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ മാത്രം പണമിടപാട് നടത്തുവാൻ യാത്രക്കാരെ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. ഇതു സംബന്ധിച്ച് പൊതുജനങ്ങൾ നിരവധി പരാതി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ എല്ലാ ആളുകളുടെയും കൈവശം മൊബൈൽ ഫോൺ ഇല്ലാത്തതിനാലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെപ്പറ്റി ഭൂരിഭാഗം സാധാരണക്കാർക്ക് അറിവില്ലാത്തതിനാലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ മാത്രമേ ടിക്കറ്റ് നൽകുകയുള്ളൂ എന്ന റെയിൽവേയുടെ തീരുമാനം സാധാരണക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. നിർദേശം നൽകിയ ഉദ്യോഗസ്ഥനെതിരെ കർശനനടപടി സ്വീകരിക്കണമെന്നും പണം കൊണ്ടുവരുന്ന യാത്രക്കാർക്ക് നിലവിലെ രീതിയിൽ ടിക്കറ്റ് ലഭ്യമാകുന്ന രീതി തുടരണമെന്നും എംപി ആവശ്യപ്പെട്ടു.
ഈ നിയമവിരുദ്ധ നിർദേശം റെയിൽവേ ടിക്കറ്റ് വിൽക്കുന്ന സ്വകാര്യ ഏജൻസികളെ സഹായിക്കാൻ ആണെന്നും എംപി ആരോപിച്ചു. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ ബോർഡ് ചെയർമാനും കത്തു നൽകിയിട്ടുണ്ട്.