കുഴികളിൽ "ചാടിച്ചാടി' യാത്രികർ
1574967
Saturday, July 12, 2025 12:46 AM IST
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയുടെ സ്ഥിതിയാണിത്. വലിയ കുളങ്ങൾപോലെയാണ് തമിഴ്നാടിനെ ബന്ധിപ്പിക്കുന്ന ഈ പാത.
പല ഭാഗത്തും ടാർറോഡ് ഒഴിവാക്കി വശങ്ങളിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഉഴവുകണ്ടം പോലെയാണ് വശങ്ങളും. കുഴികളിൽചാടി വാഹനങ്ങൾ കേടുവന്നും അപകടത്തിൽപ്പെട്ടും യാത്രക്കാർ ഇനി ഭരണസംവിധാനത്തിനെതിരേ പറയാത്ത വാക്കുകളില്ല.
അത്രയേറെ ദുരിതയാത്രയാണ് ജനങ്ങൾക്കുണ്ടാകുന്നത്. എണ്ണിയാൽ തീരാത്തവിധം ചങ്ങലക്കണ്ണിപോലെ വാഹനങ്ങൾ പോകുന്ന റോഡാണിത്. പാത തുടങ്ങുന്ന മംഗലംപാലം ബൈപാസ് ജംഗ്ഷൻ മുതൽ വള്ളിയോട് സെന്റർ വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരം കുഴികളില്ലാത്ത സ്ഥലമില്ല. കുഴികളെണ്ണുന്ന മന്ത്രിമാരുണ്ടെങ്കിൽ വന്നാൽ മതിയെന്നാണ് യാത്രികർ പറയുന്നത്.
രണ്ടടിവരെ താഴ്ചയുള്ള കുഴികളുണ്ട് റോഡിൽ. ഒരുമാസത്തിനുള്ളിൽതന്നെ പലതവണ ഇവിടെയെല്ലാം ഓട്ടയടയ്ക്കൽ നടത്തി. മഴയിൽ കുഴിമൂടുന്ന ടാറിംഗ് മിശ്രിതവും കോൺക്രീറ്റ് ഉപയോഗിച്ചും മെറ്റൽനിറച്ചും കുഴിമൂടൽചടങ്ങ് നടത്തി. പക്ഷേ, ഒന്നിനും നിലനിൽപ്പുണ്ടായില്ല. മഴ മാറിനിന്നാൽ കുഴികളിലെ വെള്ളംകുറയും. അപ്പോഴാണ് കുഴികളുടെ യഥാർഥ ആഴം മനസിലാവുക.
വേനലിൽതന്നെ കുഴികൾ രൂപപ്പെട്ട റോഡാണിത്. മഴയ്ക്കുമുന്നേ നല്ലരീതിയിൽ കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ സമരങ്ങളും പരാതികളും ഉയർന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതർ അതൊന്നും കണ്ടഭാവം നടിച്ചില്ല. മഴക്കാലമായതോടെ ഓട്ടയടയ്ക്കാൻ ഓടിനടക്കുകയാണ് അധികൃതർ.