ചാത്തന്നൂർ ചേന്പ്ര കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു
1575385
Sunday, July 13, 2025 7:48 AM IST
തൃത്താല: തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന ചേന്പ്ര കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതികരണവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ചാത്തനൂരിൽ പ്രവർത്തിച്ചുവരുന്ന കരിങ്കൽ ക്വാറി നാട്ടുകാർക്കും ചാത്തനൂരിലെ പൊതുവിദ്യാലയങ്ങൾക്കും പൊതുഗതാഗതത്തിനും റോഡുകൾക്കും ഭീഷണിയായി മാറിയിരിക്കയാണെന്ന് ആരോപിച്ചാണ് സമരം പുനഃരാരംഭിക്കുന്നത്.
ജനകീയ സമരസമിതി നടത്തിയ നിരന്തര സമര, നിയമ പോരാട്ടങ്ങളുടെ ഫലമായി ഹൈക്കോടതി നിർദേശ പ്രകാരം 2024 ഒക്ടോബർ 19ന് പാലക്കാട് ജില്ലാ കളക്ടർ സ്ഥിരം സ്റ്റോപ്പ് മെമ്മോ നൽകി ഈ ക്വാറി അടച്ചുപൂട്ടിയതാണ്.
പിന്നീട് ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് ഒരു താത്കാലിക സ്റ്റേ സന്പാദിച്ച് അത് നീട്ടിക്കൊണ്ടുപോയി ക്വാറിയുടെ പ്രവർത്തനവുമായി ഇപ്പോഴും മുന്നോട്ട് പോകുകയാണെന്ന് നാട്ടുകാർ പറയുന്നു.
ക്വാറിയുടെ പ്രവർത്തനം മൂലം പൊറുതിമുട്ടിയ നാട്ടുകാർ രണ്ടുവർഷം മുന്പ് നൂറ് നാൾ നീണ്ടുനിന്ന സത്യാഗ്രഹസമരം നടത്തിയിരുന്നു. തുടർന്ന് കോടതി വ്യവഹാരങ്ങളുമായി സമരസമിതി മുന്നോട്ടുപോയി. എന്നിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ലഭിക്കാത്തതിനാലാണ് പ്രതികരണ വേദി സമരം തുടരാൻ തീരുമാനിച്ചത്.
ജനങ്ങളുടെ ആരോഗ്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയാകുന്ന രീതിയിലും കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ചുമാണ് നിലവിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നൽകിയ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്.
ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോ ഉത്തരവിനെതിരായ ഹൈക്കോടതി സ്റ്റേ നീക്കാൻ ഭരണകൂടം നടപടിയെടുക്കുക, ചാത്തനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ ക്വാറിയുടെ ഭീഷണിയിൽ നിന്നും സംരക്ഷിക്കുക, വരും തലമുറയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക, ജനങ്ങൾക്ക് അർഹമായ നീതി ലഭ്യമാക്കുക, ക്വാറിക്കെതിരായ നിയമനടപടികളിലെ മെല്ലെപ്പോക്ക് നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.