ശന്പളമില്ല; ഷൊർണൂർ നഗരസഭയിൽനിന്ന് ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്ഥലംവിടുന്നു
1453142
Saturday, September 14, 2024 1:43 AM IST
ഷൊർണൂർ: ശമ്പളംകിട്ടാൻ വഴിയില്ല. നഗരസഭയിൽനിന്ന് ഉദ്യോഗസ്ഥർ കൂട്ടത്തോടെ പടിയിറങ്ങുന്നു. ഷൊർണൂർ നഗരസഭയിലെ ജീവനക്കാരാണ് കൂട്ടത്തോടെ സ്ഥലംമാറ്റം വാങ്ങി പോകുന്നത്. ഹെൽത്ത് സൂപ്പർവൈസറും മുനിസിപ്പൽ എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറും ഉൾപ്പെടെ 20 ഓളം ജീവനക്കാർക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. ജീവനക്കാരുടെ വീടിനുസമീപത്തെ നഗരസഭകളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടവർക്കാണ് ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ക്ലാർക്കുമാരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലുള്ളവരും സ്ഥലംമാറി പോയവരിലുണ്ട്.
ശമ്പളം ലഭിക്കാൻ ബുദ്ധിമുട്ടുള്ള നഗരസഭയാണെന്ന ദുഷ്പേരുള്ളതിനാൽ ജീവനക്കാർക്ക് ഇവിടെ ജോലിചെയ്യാൻ താത്പര്യക്കുറവാണ്. എന്നാൽ, നിലവിലെ സെക്രട്ടറി സ്ഥാനമേറ്റതിനുശേഷം ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാറുണ്ടെന്ന് നഗരസഭാധികൃതർ പറയുന്നു. പ്രധാന തസ്തികകളിലുണ്ടായിരുന്നവരുൾപ്പെടെ സ്ഥലംമാറിയതോടെ വകുപ്പുകളുടെ പ്രവർത്തനങ്ങളും താളംതെറ്റി. കഴിഞ്ഞദിവസം നഗരസഭയുടെ ഓണാഘോഷം കഴിഞ്ഞതിനുശേഷമാണ് മിക്ക ജീവനക്കാരും ഇവിടെനിന്ന് പോയത്. മുനിസിപ്പൽ എൻജിനീയർ ഓണാവധി കഴിഞ്ഞയുടൻ പോകും. പുതിയ എംഇ ഉൾപ്പെടെയുള്ള പുതിയ ജീവനക്കാർ ഓണാവധിക്കുശേഷം സ്ഥാനമേൽക്കുമെന്ന് നഗരസഭ അധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു.