ശേഖരകേന്ദ്രത്തിൽ മാലിന്യം കുന്നുകൂടി: പരിസരവാസികൾ ദുരിതത്തിൽ
1435553
Saturday, July 13, 2024 12:28 AM IST
ആലത്തൂർ: വീഴുമലയുടെ താഴ് വരയിൽ ആർ. കൃഷ്ണൻ റോഡിൽ ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടിയതു പരിസരവാസികൾക്കു ദുരിതമായി. വീടുകളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും ടൗണിലെ കടകളിൽ നിന്നും കൊണ്ടുവരുന്ന പച്ചക്കറി മാലിന്യങ്ങളും ഇവിടേക്ക് എത്തുന്നുണ്ട്.
ഇവയെല്ലാം ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇവിടെ നിന്നും മലിനജലം ഒഴുകി സമീപത്തെ കനാലിലും പാടങ്ങളിലും എത്തുന്നത് വിവിധ ജല സ്രോതസുകളെ മലിനമാക്കുന്നു. ദുർഗന്ധം, തെരുവ് നായ്ക്കളുടെ ശല്യം എന്നിവ രൂക്ഷമാണ്. പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെടുമ്പോൾ കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് വീഴുന്നത് കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മഴക്കാല ശുചീകരണ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് എത്തുന്നില്ല എന്ന പരാതി വ്യാപകമായുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. മാലിന്യങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആലത്തൂർ യുഡിഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി തൃപ്പാളൂർ ശശിയുടെ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പള്ളത്ത് സോമൻ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു.