പരിഹാരനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കു കർഷകരുടെ നിവേദനം
1435238
Friday, July 12, 2024 12:28 AM IST
കൊല്ലങ്കോട്: വന്യമൃഗ ആക്രമണം രൂക്ഷമായിട്ടുള്ള മുതലമട, കൊല്ലങ്കോട് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലാ മലയോര പ്രദേശങ്ങളിൽ മതിയായ സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കളക്ടർ ഡോ.എസ്. ചിത്രയ്ക്കും ഒലവക്കോട് സിസിഎഫിനും കർഷകസംരക്ഷണസമിതി നിവേദനം നൽകി.
ബന്ധപ്പെട്ട അധികൃതരെ ഉൾപ്പെടുത്തി യോഗംവിളിച്ചു പ്രശ്നപരിഹാരത്തിനു നടപടി ഉണ്ടാവുമെന്ന് കളക്ടർ നിവേദകസംഘത്തിന് ഉറപ്പ് നൽകി. കാട്ടാനകളെ കാടുകയറ്റാനും പുലിപ്രശ്നത്തിൽ കൂടുതൽ കൂടുകൾ സ്ഥാപിച്ച് പിടികൂടാനും ആർആർടി സേവനം ലഭിക്കാനും നടപടി ഉണ്ടാവുമെന്ന് സിസിഎഫും വാഗ്ദാനം നൽകിയതായി കർഷകർ അറിയിച്ചു. കർഷകസംരക്ഷണ സമിതി പ്രസിഡന്റ് സി. വിജയൻ, രക്ഷാധികാരി കെ.ചിദംബരൻകുട്ടി, ജനറൽ സെക്രട്ടറി പ്രഭാകരൻ, കെ. ശിവാനന്ദൻ, ആർ. മനോഹരൻ എന്നിവരാണ് നിവേദനം നൽകിയ സംഘത്തിലുണ്ടായിരുന്നത്.