കൂക്കംപാളയം ഗവ. യുപി സ്കൂളിൽ നവീകരണം ഉറപ്പാക്കുമെന്ന് എംഎൽഎ
1576726
Friday, July 18, 2025 5:03 AM IST
അഗളി: ഭിത്തിയും ചുറ്റുമതിലും തകർന്നുകിടക്കുന്ന കൂക്കംപാളയം യുപി സ്കൂളിന്റെ നവീകരണത്തിന് സർക്കാർതലത്തിൽ ഇടപെടുമെന്ന് എംഎൽഎ എൻ. ഷംസുദ്ദീൻ.
സ്കൂളും പരിസരപ്രദേശങ്ങളും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംഎൽഎ.
നാനൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിന്റേയും ചുറ്റുമതിലിന്റേയും അവസ്ഥ ദുർബലമാണ്. ചുറ്റുമതിൽ ഇടിഞ്ഞുവീണ നിലയിലാണ്. ദീർഘകാലമായി സ്കൂളിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലല്ല കെട്ടിടനിർമാണമെന്നും എംഎൽഎ വിലയിരുത്തി.
സ്കൂളിന്റെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനു ബന്ധപ്പെട്ടവരോട് നിർദേശിച്ചിട്ടുണ്ടെന്നും സർക്കാരിന്റെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ, ഷിബു സിറിയക്, എ. ജയറാം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.