മുതലമട പഞ്ചായത്ത് കാര്യാലയത്തിൽ കുത്തിയിരിപ്പുസമരം തുടങ്ങി
1576397
Thursday, July 17, 2025 1:02 AM IST
മുതലമട: പറമ്പിക്കുളം ആദിവാസി, എസ്സി, എസ്ടി ഉന്നതിയിലെ താമസക്കാർക്ക് മുൻപഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഫണ്ട് റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ വികസനമുന്നണി മുതലമടയുടെ നേതൃത്വത്തിൽ ആദിവാസി കുടുംബങ്ങൾ രാപ്പകൽസമരം തുടങ്ങി.
ഊരുവാസിമൂപ്പൻമാരായ ഗോപാലൻ കുരിയാർകുറ്റി, രാമൻകുട്ടി തേക്കടി, ചിന്നസ്വാമി മുച്ചൻകുണ്ട്, ആദിവാസി സംരക്ഷണ സമിതി നീളിപ്പാറ മാരിയപ്പൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് പി. കൽപ്പനാദേവി, എം. താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ആദിവാസികളാണ് ഗ്രാമപഞ്ചായത്ത് നടുത്തളത്തിൽ സമരം നടത്തിവരുന്നത്. പറമ്പിക്കുളം, തേക്കടി വനപാത, പള്ളം പുഴപ്പാലം, ലൈഫ് മിഷൻ വീടുകൾ, എന്നിവ മുൻ തീരുമാനപ്രകാരം നടപ്പിലാക്കണം.
കൂടാതെ വയോജനങ്ങൾക്ക് കട്ടിൽ, വല, സൗരോർജ റാന്തൽ എന്നിവയും സമയബന്ധിതമായി വിതരണം നടത്തണമെന്നതാണ് സമരക്കാരുടെ ആവശ്യം. ചൊവ്വ രാവിലെ മുതലാണ് സമരം ആരംഭിച്ചത്. കൊല്ലങ്കോട് പോലീസ് പഞ്ചായത്ത് കാര്യാലയത്തിൽ സംരക്ഷണമേർപ്പെടുത്തി. ആവശ്യങ്ങൾ വാക്കാൽ സമ്മതിച്ചാൽ പോരെന്നും ഡിപിആർ രേഖ നൽകണമെന്ന ആവശ്യത്തിൽ പ്രദേശവാസികൾ ഉറച്ചു നിൽക്കുകയാണ്. വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ച് വീട്ടമ്മമാർ ഉൾപ്പെടെ സമരക്കാർ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചാണ് കുത്തിയിരുപ്പ് സമരം തുടരുന്നത്.