കേരളത്തിലെ ആരോഗ്യരംഗത്തു മാറ്റം കൊണ്ടുവന്നത് ഉമ്മൻചാണ്ടി: സണ്ണി ജോസഫ്
1576395
Thursday, July 17, 2025 1:02 AM IST
പാലക്കാട്: കേരളത്തിലെ ആരോഗ്യരംഗത്ത് ശക്തമായ മാറ്റം കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ആരോഗ്യമേഖല ഇപ്പോൾ കുത്തഴിഞ്ഞ നിലയിലാണ്. കോട്ടയം മെഡിക്കൽ കോളജിൽ ബിന്ദു എന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് ഉത്തരവാദി മന്ത്രിമാരായ വി.എൻ. വാസവനും വീണാ ജോർജുമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡിസിസിയുടെ നേതൃത്വത്തിൽ പാലക്കാട്ട് നടന്ന സമരസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം,
വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയഭീതിയിലാണ്. അതുകൊണ്ട് ഏതുവിധേനയും അട്ടിമറിനടത്താൻ അവർ ശ്രമിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ പ്രവർത്തിക്കുന്നതു ദുഷ്ടലാക്കോടെയാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ അതു ചെയ്യുന്നില്ല. ഇടതുപക്ഷമാവട്ടെ വോട്ടർമാരെ വോട്ടുചെയ്യാൻ ബൂത്തുകളിലെത്തിക്കാതിരിക്കാനാണ് ശ്രമം നടത്തുന്നത്. വോട്ടർപട്ടികയിൽ പേരുചേർത്താതിരിക്കാനാണ് അവരുടെ നീക്കം.
എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്നത് ഉമ്മൻചാണ്ടിയുടെ ആശയമാണ്. രോഗികളുടെ ബാഹുല്യവും മികച്ച ചികിത്സയും പരിഗണിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജും ആരംഭിച്ചത്. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിക്കുന്നതിനു പകരം പിണറായി വിജയൻ ഡോ. ഹാരിസിനെ അടിച്ചിരുത്താനാണ് ശ്രമിച്ചത്.
വിദ്യാഭ്യാസ ആരോഗ്യരംഗം ഉൾപ്പടെ എല്ലാ മേഖലയും തകർച്ചയിലാണ്. വിദ്യാർഥികളുടെ ഭാവിവച്ചാണ് സർക്കാർ പന്താടുന്നതെന്നു സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, വി.കെ. ശ്രീകണ്ഠൻ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലീബ്, പ്രഫ. കെ.എ. തുളസി, മുൻ എംപി വി.എസ്. വിജയരാഘവൻ, കെപിസിസി വക്താവ് സന്ദീപ് വാര്യർ, നിർവാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ, സെക്രട്ടറിമാരായ പി. ബാലഗോപാൽ, പി.വി. രാജേഷ്, മുൻ മന്ത്രി വി.സി. കബീർ, മുൻ എംഎൽഎമാരായ കെ.എ. ചന്ദ്രൻ, സി.പി. മുഹമ്മദ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ സുമേഷ് അച്യുതൻ, ടി.എച്ച്. ഫിറോസ് ബാബു, സി. ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ സ്വാഗതവും കെ.എം. ഫെബിൻ നന്ദിയും പറഞ്ഞു.