വടക്കഞ്ചേരി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിൽ
1576736
Friday, July 18, 2025 5:04 AM IST
വടക്കഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആറു വർഷമായി പ്രവർത്തിക്കുന്നത് ഉയർന്ന തുകനൽകി ഷോപ്പിംഗ് കോംപ്ലക്സിൽ. മാസം 55,000 രൂപ വാടകയിലാണ് ഈ സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇതുമൂലം സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ചെറുതല്ല.
വാടക കെട്ടിടമായതിനാൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പരിമിതികളുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും സ്ഥാപനത്തിന് കഴിയാത്ത സ്ഥിതിയാണ്.
സംസ്ഥാനത്തെ ഏക സർക്കാർ കമ്യൂണിറ്റി കോളജിനായി വടക്കഞ്ചേരി മണ്ണാംപറമ്പിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും സ്ഥലം കണ്ടെത്താമെന്ന ധാരണയുണ്ടെങ്കിലും ഇവിടുത്തെ കെട്ടിടനിർമാണവും പേപ്പർ വർക്കുകളും പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.
സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം സ്വന്തം കെട്ടിടം എന്ന ലക്ഷ്യത്തോടെ പി.പി. സുമോദ് എംഎൽഎ ഇക്കാര്യത്തിൽ കൂടുതൽ താത്പര്യം എടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥാപനാധികൃതർ പറഞ്ഞു. സ്ഥലം എംഎൽഎയും പട്ടികജാതി - വർഗ ക്ഷേമ വകുപ്പു മന്ത്രിയുമായിരുന്ന എ.കെ.ബാലന്റെ ശ്രമഫലമായാണ് 2019 ജൂലൈ 23 ന് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സ്ഥാപനം തുടങ്ങിയത്.
അന്നുമുതൽ ഈ വാടകകെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ എന്നീ രണ്ട് കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.
സീറ്റ് ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത രണ്ട് വർഷം മുമ്പ് വരെ എസ്എസ്എൽസിയായിരുന്നത് ഇപ്പോൾ പ്ലസ് ടു വാക്കി ഉയർത്തിയിട്ടുണ്ട്. പിഎസ്സി അംഗീകരിച്ചിട്ടുള്ള കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റാണ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നൽകുന്നത്.
രണ്ട് കോഴ്സുകളിലുള്ള 70 സീറ്റിൽ 60 ശതമാനം സീറ്റും പട്ടികജാതി വിദ്യാർഥികൾക്കും 15 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 25 ശതമാനം പൊതു വിഭാഗത്തിനുമായാണ് സംവരണം ചെയ്തിട്ടുള്ളതെന്ന് സ്ഥാപനത്തിന്റെ ഇൻസ്ട്രക്ടർ ഇൻ ചാർജ് പ്രിൻസിപ്പൽ ജേക്കബ് തോമസ് റോഷൻ പറഞ്ഞു.
രാജ്യത്തും പുറത്തുമുള്ള സ്റ്റാർ ഹോട്ടലുകൾ, വിമാന കമ്പനികൾ, വിനോദസഞ്ചാര കപ്പലുകൾ, റെയിൽവേ, വ്യവസായ സ്ഥാപനങ്ങൾ, കാറ്ററിംഗ് കമ്പനികൾ, എസ് സി - എസ്ടി ഹോസ്റ്റലുകൾ തുടങ്ങിയ വിവിധ മേഖലകളിൽ ഈ സ്ഥാപനത്തിലെ പഠനത്തിലൂടെ തൊഴിൽ ലഭ്യമാണ്.
അട്ടപ്പാടി, അഗളി തുടങ്ങി വിവിധ ജില്ലകളിലെ ആദിവാസി മേഖലയിലെ വിദ്യാർഥികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റും മറ്റു ആനുകൂല്യങ്ങളുമുണ്ട്.
സ്ഥാപനം സർക്കാർ വക കെട്ടിടത്തിലേക്ക് മാറ്റി സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിനൊപ്പം വടക്കഞ്ചേരിയിൽ പുതിയ കോഴ്സുകൾ കൂടി ആരംഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.