ഒറ്റപ്പാലം ആയുർവേദാശുപത്രിക്ക് അഭിമാനമുഹൂർത്തം
1576738
Friday, July 18, 2025 5:04 AM IST
ഒറ്റപ്പാലം: പ്രഥമ ആയുഷ് കായകൽപ്പ സർക്കാർ അവാർഡ് നേടിയ ഒറ്റപ്പാലം സർക്കാർ ആയുർവേദാശുപത്രിക്ക് അഭിമാനമുഹൂർത്തം. ഉപജില്ലാ ആശുപത്രി വിഭാഗത്തിലാണ് ഈ ആയുർവേദ ആലയം സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത്.
ശുചിത്വം മാനദണ്ഡമാക്കിയുള്ള പുരസ്ക്കാരത്തിന് 98.97 ശതമാനം മാർക്ക് നേടിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. 2024-2025 കാലത്തെ പ്രവർത്തനത്തെ ആധാരമാക്കിയാണിത്.
പുരസ്കാരത്തിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ ആശുപത്രിക്ക് ലഭിക്കും. രോഗം പകരാതിരിക്കാനുള്ള സംവിധാനങ്ങൾ, പ്രതിരോധ കുത്തിവെപ്പ് നടപടികൾ, കൃത്യമായ മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങളിലെ മികവാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
ഇമേജ് വിഭാഗവുമായി ചേർന്ന് ആഴ്ചയിൽ രണ്ട് ദിവസം മാലിന്യം കൈമാറുന്ന രീതിയിലാണ് പ്രവർത്തനം. ഒപ്പം മാലിന്യം കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക കെട്ടിടവും ഒറ്റപ്പാലം ആയുർവേദാശുപത്രിയിലുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളും അർപ്പണ മനോഭാവവും ആണ് ഈ നേട്ടത്തിന് കാരണമായതെന്നും കൂട്ടായ പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടക്കുന്നതെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.എം. സിനി പറഞ്ഞു.