മരുന്ന് മാറിനൽകി; ഏത്തവാഴ കരിഞ്ഞുണങ്ങി
1572732
Friday, July 4, 2025 5:18 AM IST
ചെറുതോണി: വളക്കടയിൽനിന്നു മരുന്ന് മാറിനൽകിയതിനെത്തുടർന്നു കർഷകന്റെ 300 ഏത്തവാഴകൾ നശിച്ചതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിൽ ചുള്ളിക്കൽ ഫ്രാൻസിസിന്റെ അഞ്ചു മാസം പ്രായമായ ഏത്തവാഴകളാണ് നശിച്ചത്. വാഴയ്ക്ക് കുമിൾരോഗം പിടിപെട്ടതിനെത്തുടർന്ന് കർഷകൻ കഞ്ഞിക്കുഴി കൃഷിഓഫിസിൽ വിവരം അറിയിച്ചു.
കൃഷി ഓഫീസർ നിർദേശിച്ച മരുന്ന് കഞ്ഞിക്കുഴിലെ സ്വകാര്യ വളക്കടയിൽനിന്നു വാങ്ങി തളിക്കുകയായിരുന്നു. ഇതോടെ വാഴകൾ പഴുത്ത് ഉണങ്ങുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കടയിൽനിന്ന് മരുന്ന് മാറിയാണ് നൽകിയതെന്നു കണ്ടെത്തി. ഫ്രാൻസിസ് കഞ്ഞിക്കുഴി കൃഷിഭവനിലും കഞ്ഞിക്കുഴി പോലീസിലും പരാതി നൽകി. പലരിൽനിന്നും കടംവാങ്ങിയാണ് ഫ്രാൻസിസ് കൃഷി ചെയ്തിരുന്നത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു.