കർഷകർക്ക് 3,000 രൂപ പെൻഷൻ നൽകണം: പി.ജെ. ജോസഫ്
1572725
Friday, July 4, 2025 5:18 AM IST
തൊടുപുഴ: കർഷകക്ഷേമനിധി ബോർഡിന്റെ നിർദേശങ്ങൾക്ക് ധനകാര്യവകുപ്പിന്റെ അംഗീകാരം നൽകണമെന്നും കർഷക പെൻഷൻ 3,000 രൂപയാക്കി ഉയർത്തണമെന്നും കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. പുറപ്പുഴയിലെ വസതിയിൽ ചേർന്ന കേരള കർഷക യൂണിയൻ സംസ്ഥാനനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ, നെൽകർഷകപ്രശ്നങ്ങൾ, വന്യമൃഗശല്യം എന്നിവ പരിഹരിക്കുന്നതിൽ സർക്കാരിനു വീഴ്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭരിച്ചനെല്ലിന്റെ വില എത്രയുംവേഗം കർഷകർക്ക് നൽകണം. റബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കി ഉയർത്തണം. കുരുമുളക് കൃഷി വ്യാപനത്തിനു പ്രത്യേക പദ്ധതി തയാറാക്കണം.
ക്ഷീരമേഖലയെ സഹായിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം നൽകുമെന്ന പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.
കേരള കോണ്ഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാന്മാരായ ഫ്രാൻസിസ് ജോർജ് എംപി, മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ, പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ്, കേരള കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന, ഭാരവാഹികളായ ജോയി തെക്കേടത്ത്, സി.ടി. തോമസ്, ബേബിച്ചൻ കൊച്ചു കരൂർ, ടോമി കാവാലം, ബിനു ജോണ്, സണ്ണി തെങ്ങുംപള്ളി, വിനോദ് ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.