ഭാര്യയുടെ സംസ്കാര ദിവസം ഭർത്താവും മരിച്ചു; അന്ത്യവിശ്രമം ഒരു കല്ലറയിൽ
1572726
Friday, July 4, 2025 5:18 AM IST
മുരിക്കുംതൊട്ടി: ഭാര്യയുടെ സംസ്കാരദിവസം ഭർത്താവും മരിച്ചു. മുരിക്കുംതൊട്ടി മണിയാട്ട് ജോയി (74), ഭാര്യ എൽസി (72) എന്നിവർക്കാണ് നാട് ഒരുമിച്ച് അന്ത്യയാത്ര നൽകിയത്. ചികിത്സയിലായിരുന്ന എൽസി ചൊവ്വാഴ്ചയാണ് മരിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന മകൻ എത്തുന്നതിനായി വ്യാഴാഴ്ചയാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്.
ബുധനാഴ്ച വൈകുന്നേരം ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുതൽ അതീവ ദുഃഖിതനായി കാണപ്പെട്ട ജോയി വ്യാഴാഴ്ച പുലർച്ചെ നാലോടെ നെഞ്ചുവേദനയെത്തുടർന്നു മരണപ്പെടുകയായിരുന്നു.
അന്ത്യയാത്രയിലും ഒന്നിച്ച ഇരുവരുടെയും സംസ്കാരം ഇന്നലെ വൻജനാവലിയുടെ സാന്നിധ്യത്തിൽ മുരിക്കുംതൊട്ടി സെന്റ് മരിയഗൊരേത്തി പള്ളിയിൽ കുടുംബക്കല്ലറയിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തി. ചെമ്മണ്ണാർ മാവറയിൽ കുടുംബാംഗമാണ് എൽസി. മക്കൾ: ഷിബി, സനീഷ്, ജ്യോതിഷ് (യു.കെ), പരേതനായ ഫാ. സജി (ഒസിഡി). മരുമക്കൾ: ജിസ് മാട്ടേൽ (രാജാക്കാട്), ജെസി ചൂടംമാനായിൽ (രാജകുമാരി), എലിസബത്ത് നെടുങ്കല്ലേൽ (തൊടുപുഴ).
കോട്ടയം വാടവാതൂർ പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, രാജാക്കാട് തിരുഹൃദയ മഠം മദർ സുപ്പീരിയർ സിസ്റ്റർ വിനീത എന്നിവർ ജോയിയുടെ സഹോദരങ്ങളാണ്.