ആംബുലൻസ് അപകടം: രോഗിയും ബന്ധുക്കളും വാഹനത്തിൽ കുടുങ്ങി
1572735
Friday, July 4, 2025 5:18 AM IST
പീരുമേട്: ആംബുലൻസ് റോഡിൽനിന്നു താഴ്ചയിലേക്ക് തെന്നിമാറി അപകടം. രോഗിയും ബന്ധുക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലായിലെ സ്വകാര്യ ആശുപത്രിയിൽനിന്നു തമിഴ്നാട്ടിലെ പൂശാലംപെട്ടിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ റോഡിൽനിന്നും താഴ്ചയിലേക്ക് തെന്നിമാറുകയായിരുന്നു. ഇന്നലെ പുലർച്ചെ കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്തായിരുന്നു അപകടം.
പാലാ സ്വദേശിയായ ജോബിൻസൺ ജോയിയുമായി തമിഴ്നാട്ടിലേക്ക് പോകുന്പോഴായിരുന്നു അപകടം. ജോബിൻസനൊപ്പം ബന്ധുക്കളും ആംബുലൻസിലുണ്ടായിരുന്നു. വാഹനത്തിന്റെ മുൻവശം താഴ്ചയിലേക്ക് കുത്തിനിന്നതോടെ രോഗിയും ബന്ധുക്കളും പുറത്തിറങ്ങാൻ സാധിക്കാതെ ആംബുലൻസിൽ കുടുങ്ങി. പിന്നീട് അര മണിക്കൂറിനുശേഷം പീരുമേട്ടിൽനിന്നു ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
പീരുമേട് ഫയർഫോഴ്സിലെ എസ്ടിഒ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മധുസൂദനൻ, സുനിൽകുമാർ, എം.സി. സതീഷ്, വിപിൻ സെബാസ്റ്റ്യൻ, വിവേക്, എ. അൻഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.