പൊതു പണിമുടക്ക് വിജയിപ്പിക്കണം: സംയുക്ത ട്രേഡ് യൂണിയൻ
1572962
Friday, July 4, 2025 11:40 PM IST
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒന്പതിന് രാജ്യവ്യാപകമായി നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായാണ് രാജ്യവ്യാപക സമരമെന്നും നേതാക്കൾ അറിയിച്ചു.
നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾക്ക് പകരം ബദലായി രൂപീകരിച്ചിരിക്കുന്ന നാല് ലേബർ കോഡുകൾ റദ്ദു ചെയ്യണം. കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശന്പളമായ 27,900 രൂപ ദേശീയ മിനിമം വേതനമായി പ്രഖ്യാപിക്കുക, പ്രാകൃത വേതന സന്പ്രദായങ്ങൾ ഒഴിവാക്കി കൃത്യമായ വേതനം ഉറപ്പ് വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. സംസ്ഥാന ജീവനക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾ അടക്കം വിവിധ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കെടുക്കും. ഇതിന് മുന്നോടിയായി ഏഴിന് വിളംബര ജാഥ, എട്ടിന് യൂണിറ്റ് തലത്തിൽ പന്തം കൊളുത്തി പ്രകടനം എന്നിവയും നടത്തും.
പണിമുടക്ക് ദിവസം തൊടുപുഴയിൽ പ്രകടനവും ഗാന്ധി സ്ക്വയറിൽ പൊതുയോഗവും നടത്തും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി രാജു ബേബി, വി.ബി. ബിസമോൻ, വി.എച്ച്. നൗഷാദ്, എ.എസ്. ജയൻ, ടോമി ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.