മഴയിൽ നിരവധി സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
1572961
Friday, July 4, 2025 11:40 PM IST
തൊടുപുഴ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് 12.15ന് നഗരസഭാ മേഖലയിൽ പറന്പിപ്പീടികയിൽ മരം വീണ് ഗതാഗത തടസം ഉണ്ടായി.
തേക്കുമരമാണ് റോഡിലും വൈദ്യുതി ലൈനിലുമായി വീണത്. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. ഉച്ചയ്ക്ക് 12.45ന് മഞ്ഞള്ളൂർ പഞ്ചായത്തിലെ വടവുകോട് രണ്ട് സ്ഥലങ്ങളിൽ മരം വീണു. പിന്നീട് ശാസ്താംപാറയിൽ മരം വീണ് ഗതാഗത തടസമുണ്ടായി. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്.
മൂന്നരയോടെ വിമല പബ്ലിക് സ്കൂളിനു സമീപം വൈദ്യുതി പോസ്റ്റിൽ തീപിടിത്തം ഉണ്ടായി. നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങൾ കെഎസ്ഇബി അധികൃതരെ വിളിച്ചുവരുത്തി വൈദ്യുതി വിച്ഛേദിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. വൈകുന്നേരം കുമ്മംകല്ലിൽ വീണ മരവും സേനയെത്തി മുറിച്ചുമാറ്റി.