88ലും കൃഷിയെ സ്നേഹിച്ച് ഈ കർഷകൻ : സമ്മിശ്രമാണ് ജോസഫിന്റെ കഞ്ഞിക്കുഴിയിലെ കൃഷിയിടം
1485459
Monday, December 9, 2024 3:36 AM IST
ടി.പി. സന്തോഷ്കുമാർ
കഞ്ഞിക്കുഴി: അഞ്ചു പതിറ്റാണ്ടുകൾക്കു മുന്പ് വെള്ളിയാമറ്റത്തുനിന്നാണ് കൂട്ടുങ്കൽ ജോസഫ് കുടുംബത്തോടൊപ്പം കഞ്ഞിക്കുഴി തള്ളക്കാനത്തേക്ക് എത്തിയത്. കഠിനാധ്വാനം ചെയ്താൽ ഈ മണ്ണിൽ പൊന്നു വിളയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം മല കയറിയെത്തിയത്. പൂർവികരിൽനിന്നു പകർന്നുകിട്ടിയ കൃഷിയറിവുകളും അധ്വാനിക്കാനുള്ള മനസുമായിരുന്നു കൈമുതൽ.
ഇടുക്കി പദ്ധതിക്കായി ഒഴിപ്പിക്കപ്പെടുകയും പിന്നീട് ജലാശയത്തിനടിയിലാകുകയും ചെയ്ത വൈരമണി എന്ന സ്ഥലത്തുനിന്നുള്ളവരെ കുടിയിരുത്തിയ സ്ഥലമാണ് തള്ളക്കാനം. ഇവിടെ അരയേക്കർ സ്ഥലം വാങ്ങി കൃഷിയാരംഭിച്ചാണ് തുടക്കം. ഇപ്പോൾ ജോസഫിന്റെ മൂന്നേക്കറോളം വരുന്ന കൃഷിയിടം സമ്മിശ്ര കൃഷികളുടെ വിളനിലമാണ്. മക്കളാണ് ഇപ്പോൾ കൃഷിപ്പണികളും മറ്റും നോക്കി നടത്തുന്നതെങ്കിലും 88-ാം വയസിലും കൃഷിയിടത്തിൽ സജീവമാണ് ജോസഫ് എന്ന കർഷകൻ.
ഏലം, കുരുമുളക്, കാപ്പി, കൊക്കോ, ജാതി, വാഴ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങി വിവിധ കൃഷികളാണ് ജോസഫിന്റെ കൃഷിയിടത്തിൽ വിളയുന്നത്. കൊക്കോയാണ് ഇപ്പോൾ ഇവിടുത്തെ താരം. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 200 ഓളം കൊക്കോച്ചെടികളാണ് കൃഷിയിടത്തിൽ മികച്ച വിളവു നൽകുന്നത്. ഇതിൽ ഉണ്ടാകുന്ന കൊക്കോ കായ്കൾക്ക് രണ്ടു കിലോയോളം തൂക്കം വരുന്നവയാണ്. കൊക്കോപ്പരിപ്പിനും വലുപ്പം കൂടുതലാണെന്ന പ്രത്യേകതയുമുണ്ട്. ചെടിയുടെ തായ്തടിയിലും ശിഖരങ്ങളിലും കൊക്കോ കായ്കൾ ഉണ്ടാകും. തായ്തടിയിൽ ഉണ്ടാകുന്ന കായ്കൾക്കാണ് വലുപ്പം കൂടുതൽ.
കായ്കളെ ബാധിക്കുന്ന കീട ബാധയ്ക്കെതിരേ വർഷത്തിൽ മൂന്നോ നാലോ തവണ ബോർഡോ മിശ്രിതം തളിക്കും. ചെടികൾക്ക് ഉയരം കൂടുതലായതിനാൽ തോട്ടി ഉപയോഗിച്ചാണ് കായ്കൾ പറിച്ചെടുക്കുന്നത്. കൃഷിയിടത്തിൽ തന്നെ ബഡ് തൈകൾ വികസിപ്പിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്.
ഇവിടുത്തെ കൊക്കോപ്പരിപ്പിന്റെ വലുപ്പം കേട്ടറിഞ്ഞ കാഡ്ബറീസ് ഉദ്യോഗസ്ഥർ തോട്ടം സന്ദർശിക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പുറമേ 500 ഓളം ചുവട് ഏലച്ചെടികളുണ്ട്. ഞള്ളാനി, കണിപറന്പിൽ എന്നി ഇനങ്ങളാണ് കൃഷി ചെയ്തിരുന്നത്. കൊറ്റനാടൻ, മലമുണ്ടി എന്നീ ഇനത്തിൽപ്പെട്ട കുരുമുളകാണ് കൃഷി ചെയ്തിരിക്കുന്നത്.
ഉത്പാദനക്ഷമതയുള്ള കരിമുണ്ടയ്ക്കും മറ്റും ദ്രുതവാട്ടം പോലെയുള്ള രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഇവ ഒഴിവാക്കി മറ്റിനങ്ങൾ കൃഷി ചെയ്യുന്നത്. ശീമക്കൊന്നയാണ് താങ്ങുകാലുകളായി ഉപയോഗിക്കുന്നത്. കാറ്റുപിടിത്തമുള്ള മേഖലയായതിനാൽ മൂന്നു ഭാഗത്തക്കും കയർ കെട്ടി കുരുമുളക് ചെടികൾ കാറ്റിൽ മറിയാതെ സംരക്ഷിക്കും.
മികച്ച ഇനത്തിൽപ്പെട്ട സിന്ധു ശ്രീ, കേരള ശ്രീ എന്നി ജാതിത്തൈകളാണ് കൃഷി ചെയ്തിരിക്കുന്നത്. ഇവയിൽനിന്നു മികച്ച വിളവു ലഭിക്കുന്നുണ്ട്. വില മെച്ചപ്പെട്ടതിനാൽ കാപ്പിയിൽനിന്നും ഇപ്പോൾ മെച്ചപ്പെട്ട വരുമാനം നേടാനും കഴിയും. കാപ്പിച്ചെടികൾ ഉയർന്നു പോകാതെ മൂന്നുവർഷം കൂടുന്പോൾ കവാത്തു ചെയ്തു നിർത്തും. ഇങ്ങനെ ചെയ്യുന്നതു മൂലം കായ്ഫലം കൂടുതലായിരിക്കുമെന്ന് ജോസഫ് പറയുന്നു.
ഇടവിളയായാണ് നേന്ത്രവാഴയും ഇഞ്ചിയും മഞ്ഞളും മറ്റും കൃഷി ചെയ്യുന്നത്. കൂടാതെ വിവിധയിനം പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയും കൃഷിയിടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. അൽപ്പം പോലും സ്ഥലം വെറുതെ കളയാതെയാണ് ഈ സമ്മിശ്ര കൃഷിയിടം ഒരുക്കിയിരിക്കുന്നത്. എല്ലായിടത്തും സമൃദ്ധമായി വെള്ളം ലഭിക്കത്തക്കവിധം ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂർണമായും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.
ഇതിനിടെ കാട്ടുപന്നി, കുരങ്ങ്, മയിൽ, അണ്ണാൻ, മരപ്പട്ടി പോലെയുള്ള ജീവികളുടെ ശല്യവും കൃഷിയിടത്തിലുണ്ട്. ഇവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ കർഷകർക്ക് അനുകൂലമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മകൻ സെബാസ്റ്റ്യനാണ് ഇപ്പോൾ കൃഷി ജോലികളുടെ മേൽനോട്ടം. ഭാര്യ സോഫിയാമ്മയും സെബാസ്റ്റ്യന്റെ ഭാര്യ ജിൻസി, മക്കളായ നവീൻ, നവ്യ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്. സമീപത്ത് താമസിക്കുന്ന ജോസഫിന്റെ മൂത്തമകനും റിട്ട. അധ്യാപകനുമായ സജി ജോസഫും നല്ലൊരു കൃഷിക്കാരനാണ്. മുരിക്കാശേരിയിൽ താമസിക്കുന്ന റാണിയാണ് മകൾ.