മീൻ കൃഷിയിലെ വേറിട്ട രീതിയുമായി ജോൺ പൊറ്റാസ്
1485233
Sunday, December 8, 2024 3:52 AM IST
അടിമാലി: മത്സ്യകൃഷി വേറിട്ട രീതിയിലാക്കി മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനുണ്ട് അടിമാലിയില്‍. കോയി കാര്പ്പെന്ന മത്സ്യങ്ങളെ വളര്‍ത്തി എക്സ്റ്റാസി റൈഡിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചാണ് അടിമാലി ചാറ്റുപാറ സ്വദേശിയായ ജോണ്‍ പൊറ്റാസ് തന്റെ പൊറ്റാസ് ഫണ്‍ ഫാമിലൂടെ വരുമാനം കണ്ടെത്തുന്നത്.
എല്ലാ കര്‍ഷകരേയും പോലെ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെയായിരുന്നു ജോണ്‍ പൊറ്റാസും തന്റെ കൃഷിയിടത്തിലെ കുളത്തില്‍ ആദ്യം നിക്ഷേപിച്ചത്. പക്ഷെ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല.
ഇതോടെയാണ് വിനോദ സഞ്ചാരികള്‍ കടന്നുവരുന്ന പ്രദേശത്ത് മത്സ്യ കൃഷി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റാൻ പൊറ്റാസ് ശ്രമം നടത്തിയത്. അതോടെ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ ഉപേക്ഷിച്ച് ജോണ്‍ കുളത്തില്‍ കാണാന്‍ കൗതുകം ജനിപ്പിക്കുന്ന കോയി കാര്‍പ്പിനത്തില്‍പ്പെട്ട മത്സ്യങ്ങളെ നിക്ഷേപിച്ചു.
പതിയെ പതിയെ മനുഷ്യരുമായി അടുത്തിടപ്പഴുകുന്ന രീതിയിലേക്ക് മത്സ്യങ്ങളെ മാറ്റിയെടുത്തു. അങ്ങനെ എക്സ്റ്റാസി റൈഡിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന - പൊറ്റാസ് ഫണ്‍ ഫാമായി ജോണ്‍ പൊറ്റാസിന്റെ കൃഷിയിടം മാറി.
എക്സ്റ്റാസി റൈഡ് ആസ്വദിക്കാന്‍ ഇന്ന് സഞ്ചാരികള്‍ ധാരാളമായി ജോണ്‍ പൊറ്റാസിന്റെ ഫാമിലേക്കെത്തുന്നുണ്ട്. കൃഷിയിടത്തില്‍ തയാറാക്കിയിട്ടുള്ള ചെറുതടാകത്തിലേക്ക് കാല് നീട്ടിയാല്‍ കോയികാര്‍പ്പ് മത്സ്യങ്ങള്‍ പൊതിയും.
കൗതുകമുള്ള ഈ കാഴ്ച്ചക്കൊപ്പം മത്സ്യങ്ങളെ തൊടുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യാം. എക്സ്റ്റാസി റൈഡിനൊപ്പം ചെറുതടാകത്തിലൂടെ ചങ്ങാടത്തിലുള്ള യാത്രക്കും ഏതാനും ചില വാട്ടര്‍ ആക്റ്റിവിറ്റീസിനും ഫാമില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.