കുമളിയിൽ പുലി, ചക്കുപള്ളത്ത് കടുവ..?
1478549
Tuesday, November 12, 2024 7:40 AM IST
കുമളി: കുമളിയിൽ ജനവാസ മേഖലയിൽ പുലി വിലസുന്പോൾ ചക്കുപള്ളം വലിയപാറയിൽ കടുവയാണ് താരം. കുമളി അട്ടപ്പള്ളം ആനക്കുഴി മങ്ങാട്ട്താഴത്ത് ചാക്കോയുടെ വീടിന് പിന്നിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുലിയെത്തിയത്. വിറക് കീറുകയായിരുന്ന ആനക്കുഴി സ്വദേശി ശേഖറിന്റെ മുന്നിൽ പത്തടിയോളം ദൂരത്തിലാണ് പുലിയെത്തിയത്.
പതുങ്ങിനിന്ന പുലിയെ കണ്ട ശേഖർ ഭയന്ന് ബഹളം വച്ചപ്പോൾ പുലി സമീപത്തെ ഏലത്തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ഇവിടെ വീട്ടുകാരുടെ പട്ടിയെ ലക്ഷ്യമിട്ടാണ് പുലിയെത്തിയതെന്ന് സംശയിക്കുന്നു.ഏതാനും ദിവസങ്ങൾക്ക് മുൻപും ഈ മേഖലയിൽ പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
കേരള-തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയായ ചക്കുപള്ളം വലിയപാറയിൽ കഴിഞ്ഞ ദിവസം വന്യമൃഗം ആക്രമിച്ച നിലയിൽ കേഴമാനിന്റെ ജഡം കണ്ടെത്തിയിരുന്നു. ഇവിടെ കാട്ടുപന്നിയെ ഇന്നലെയും വേട്ടയാടിയിട്ടുണ്ട്.
ഇവിടെ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടെയും കുഞ്ഞുങ്ങളുടെതുമാണെന്ന് സംശയിക്കുന്നതായും തമിഴ്നാടും കേരളവും കാമറകൾ സ്ഥാപിക്കുമെന്നും കുമളി റേഞ്ച് ഓഫീസർ അനിൽകുമാർ പറഞ്ഞു.
കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം മുന്പ് ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് കടുവയുടെ സാന്നിധ്യം ഈ മേഖലയിൽ സംശയിക്കുന്നത്. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പുതുമന, മെംബർ അന്നക്കുട്ടി വർഗീസ് എന്നിവർ വലിയ പാറയിൽ വനം ഉദ്യോഗസ്ഥരോടാപ്പം എത്തിയിരുന്നു.