ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം
1461540
Wednesday, October 16, 2024 6:20 AM IST
മൂന്നാർ: ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ക്ലർക്കിനടക്കം മർദനമേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ മദ്യപിച്ചെത്തിയ നാലംഗ സംഘം വനിതാജീവനക്കാരെ അസഭ്യം പറയുകയും തടയാൻ ശ്രമിച്ച ക്ലർക്ക് ആനന്ദിനെ മർദിക്കുകയും ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് ഡോക്ടർ മടങ്ങിയതായി നഴ്സ് അറിയിച്ചതോടെയാണ് പ്രകോപനമുണ്ടായത്.
ഡോക്ടർ എന്തുകൊണ്ട് 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവും ഭീഷണിയും. ഇവരെ അനുനയിപ്പിച്ച് പറഞ്ഞയയ്ക്കാൻ ശ്രമിച്ച ക്ലർക്ക് ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദലി എന്നിവരെ സംഘം കൈയേറ്റം ചെയ്തു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും സംഘം ജീപ്പിൽ കയറി സ്ഥലം വിട്ടു. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി.
ചിന്നക്കനാൽ പിഎച്ച്സിയിൽ ആക്രമണം നടത്തിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻജിഒ അസോസിയേഷൻ ദേവികുളം ബ്രാഞ്ച് പ്രസിഡന്റ് എം. രാജൻ ആവശ്യപ്പെട്ടു.