ജനവാസമേഖലയിൽ മാലിന്യമല നടപടിയെടുക്കാതെ അധികൃതർ
1461103
Tuesday, October 15, 2024 12:37 AM IST
മൂന്നാർ: നൂറുകണക്കിനു കുടുംബങ്ങൾ അധിവസിക്കുന്ന ജനവാസ മേഖലയിൽ മാലിന്യ നിക്ഷേപം പതിവായിട്ടും നടപടിയെടുക്കാതെ അധികൃതർ. ഭവനരഹിതർക്കായി സർക്കാർ ഭൂമി അനുവദിച്ചു നൽകിയ മൂന്നാർ -സൈലന്റ്വാലി റോഡിലെ കുറ്റിയാർവാലിയിലെ മാലിന്യനിക്ഷേപമാണ് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്.
റോഡരികിൽ നിക്ഷേപിക്കുന്ന മാലിന്യം നായ്ക്കൾ റോഡിലേക്കു വലിച്ചിഴയ്ക്കുന്നതുമൂലം കാൽനടയാത്രക്കാർക്കുൾപ്പെടെ ദുരിതമായിട്ടും പഞ്ചായത്തധികൃതർ കണ്ട മട്ടില്ല. മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് നിരവധിത്തവണ പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. പ്രദേശത്ത് ദുർഗന്ധവും രൂക്ഷമാണ്.
കൊതുകും ഈച്ചയും പെരുകിയതോടെ പ്രദേശവാസികളിൽ സാംക്രമിക രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്തുനിന്നുള്ള മാലിന്യത്തിനു പുറമേ പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യവും ഇക്കൂട്ടത്തിലുണ്ട്.
സംഭവത്തിൽ നടപടിയെടുക്കേണ്ട ദേവികുളം പഞ്ചായത്തിന്റെ നിസംഗതയാണ് പ്രശ്നം രൂക്ഷമാകുന്നതിന് കാരണമാകുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ അടിഞ്ഞുകൂടിയിട്ട് നാളുകളായി. ജനവാസ മേഖലയായതോടെ മാലിന്യങ്ങൾ കുറ്റിയാർവാലി കവലയിലെ റോഡരികിലാണ് നിക്ഷേപ്പിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണമേറിയതോടെ മാലിന്യത്തിന്റെ തോതും ഉയർന്നു. ഈ സാഹചര്യം പരിഗണിക്കാതെയാണ് മറ്റിടങ്ങളിൽനിന്നുള്ള മാലിന്യവും പഞ്ചായത്ത് ഇവിടെ നിക്ഷേപിക്കുന്നത്.
മാലിന്യം നിക്ഷേപിക്കുന്നതിനും ഇവ സംസ്കരിക്കുന്നതിനും പഞ്ചായത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അധികൃതർ ആവശ്യമായ നടപടി എടുക്കാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.