തരിശുനിലത്ത് കൃഷിയിറക്കി ഹരിതസംഘം
1461099
Tuesday, October 15, 2024 12:37 AM IST
അരിക്കുഴ: ഹരിതകർമ സംഘത്തിന്റെ നേതൃത്വത്തിൽ മണക്കാട് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ മണക്കാട് പഞ്ചായത്തിലെ 15 ഏക്കറോളം വരുന്ന തരിശുനിലം ഏറ്റെടുത്ത് നെൽകൃഷിയിറക്കി.
സംഘം പ്രസിഡന്റ് ജോബിച്ചൻ, സെക്രട്ടറി ഇമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം യുവാക്കളാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.
കൃഷിക്കായി ഒരുക്കിയ പാടത്ത് വിത്ത് വിതയ്ക്കുന്നതിന്റെ ഉദ്ഘാടനം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ചേർന്ന് നിർവഹിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് ടോണി കുര്യാക്കോസ്, ത്രിതല പഞ്ചായത്തംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മണക്കാട് പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവൻ സ്ഥലവും ഏറ്റെടുത്ത് നെൽകൃഷിയും പച്ചക്കറി കൃഷിയും ചെയ്ത് പഞ്ചായത്തിനെ കാർഷിക രംഗത്ത് സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് ഹരിത സംഘം ഭാരവാഹികൾ പറഞ്ഞു.