കാട്ടുപന്നിക്കൂട്ടം കുറുകെച്ചാടി; ബൈക്ക് യാത്രക്കാരനു പരിക്ക്
1460836
Monday, October 14, 2024 2:24 AM IST
വണ്ടിപ്പെരിയാർ: കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകെച്ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിനു പരിക്ക്. മുങ്കിലാർ സ്വദേശി അസ്മാ മൻസിൽ ഹാരിസ് റഹ്മാനാണ് (29) പരിക്കേറ്റത്.
വണ്ടിപ്പെരിയാറിൽ ഹോട്ടൽ അടച്ചതിനു ശേഷം രാത്രി മൂങ്കിലാറിലെ വീട്ടിലേക്കു ബൈക്കിൽ പോകുമ്പോൾ ഡൈമുക്കിനു സമീപം കാട്ടുപന്നിക്കൂട്ടങ്ങൾ റോഡിനു കുറുകെച്ചാടുകയും ഹാരിസിന്റെ ബൈക്കിൽ ഇടിച്ച് ഇയാൾ തെറിച്ചുവീഴുകയുമായിരുന്നു.
കൈക്കും മുഖത്തും കാലിനും പരിക്കേറ്റു. ഹാരിസിന്റെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു. റോഡിൽ വീണുകിടന്ന ഇയാളെ പുറകേ വന്ന വാഹനത്തിലെ ആളുകൾ ചേർന്ന് വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.