ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
1460834
Monday, October 14, 2024 2:24 AM IST
അറക്കുളം: ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്കു ഗുരുതരമായി പരിക്കേറ്റു. ഇടുക്കി വിമലഗിരിയിൽ റബർ വ്യാപാരിയായ തച്ചുംപുറത്ത് ബിനോയി സെബാസ്റ്റ്യനാണ് (50) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് ഇടുക്കിയിലേക്കു വിനോദസഞ്ചാരികളുമായി പോയ ബസും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ അറക്കുളം തുന്പച്ചിക്കു സമീപം കരിപ്പലങ്ങാട് ജംഗ്ഷൻ കഴിഞ്ഞുള്ള വളവിലായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ കുളമാവ് പോലീസും മൂലമറ്റം ഫയർഫോഴ്സും ചേർന്നു വാനിനുള്ളിൽ കുടുങ്ങിയ ബിനോയിയെ പുറത്തെടുത്ത് തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിനോയിയുടെ രണ്ടു കാലുകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. ബിനോയിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്കു മാറ്റി. അപകടത്തെത്തുടർന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പോലീസും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.