ഉടുന്പന്നൂർ-മണിയാറൻകുടി റോഡ്: നടപടികൾ അടുത്ത ഘട്ടത്തിലേക്ക്
1459881
Wednesday, October 9, 2024 6:00 AM IST
തൊടുപുഴ: ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ അടുത്ത ഘട്ടത്തിലേക്ക്. രണ്ട് റീച്ചുകളിലായി റോഡിന്റെ നിർമാണത്തിന് 14.88 കോടി രൂപ അനുവദിച്ച് ടെൻഡർ ചെയ്തിരുന്നെങ്കിലും ആറുമീറ്റർ വീതിയുള്ള റോഡിനായി വനഭൂമി ഏറ്റെടുക്കുന്നതിനു പകരം വനംവകുപ്പിന് പകരം ഭൂമി കൈമാറണമെന്ന ആവശ്യം ഉയർന്നതോടെ നിർമാണം അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം മറയൂർ-കാന്തല്ലൂർ വില്ലേജിൽ 30 ഏക്കർ റവന്യുഭൂമി വനംവകുപ്പിന് കൈമാറാൻ സർക്കാർ തീരുമാനിച്ചു.
ആദ്യഘട്ടമായി പരിവേഷ് പോർട്ടലിൽ അപ്ഡേഷൻ നടത്തുകയും ചെയ്തു. നൽകുന്ന ഭൂമി കോതമംഗലം, കോട്ടയം ഡിവിഷനിൽ ഉൾപ്പെടുന്നതിനാൽ രണ്ട് ഡിഎഫ്ഒമാരുടെയും എൻഒസി ആവശ്യമായിവന്നു. കോട്ടയം ഡിഎഫ്ഒ ഭൂമി വിട്ടുനൽകുന്നതിന് അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും കോതമംഗലം ഡിഎഫ്ഒ റോഡ് കടന്നുപോകുന്നഭാഗത്ത് ആനത്താരയുണ്ടോ എന്ന് പരിശോധന നടത്തണമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്നു മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ റവന്യു-വനംമന്ത്രിമാരുമായി സംസാരിച്ച് ആനത്താര സംബന്ധിച്ച് പഠനം നടത്തുന്നതിനു പ്രത്യേക ഏജൻസിയെ നിയോഗിക്കുന്നതിനു തീരുമാനിച്ചു. ഏജൻസിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമാണവുമായി മുന്നോട്ടുപോകുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ പിഎംജിഎസ്വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു റോഡ് നിർമാണത്തിനു ഫണ്ട് അനുവദിച്ചിരുന്നത്.
ഉടുന്പന്നൂർ മുതൽ കൈതപ്പാറ വരെയുള്ള 8.8 കിലോമീറ്റർ റോഡിന് 7.80 കോടിയും, കൈതപ്പാറ മുതൽ മണിയാറൻകുടിവരെയുള്ള 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് തുക വകയിരുത്തിയിരുന്നത്. തൊടുപുഴ-ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന്റെ പ്രത്യേകത.
ഉടുന്പന്നൂർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും.
കുടിയേറ്റ ഗ്രാമമായ കൈതപ്പാറയിലെ ജനങ്ങൾ യാത്രാസൗകര്യങ്ങളുടെ അഭാവംമൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിച്ച് വരുന്നത്. റോഡ് പൂർത്തിയായാൽ ഈനാടിന്റെ തന്നെ മുഖച്ഛായ മാറുന്നതിനും കാർഷിക-വാണിജ്യ ടൂറിസം രംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കാനും കഴിയും.