പിണറായി തുടരുന്നത് ബിജെപി തുണയിൽ: കെ.സി. ജോസഫ്
1459876
Wednesday, October 9, 2024 6:00 AM IST
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ ആശീർവാദത്തോടെയാണ് അധികാരത്തിൽ തുടരുന്നതെന്നും ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്രിമാരെ കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ കൃത്യമായ തെളിവുകളുള്ള കേസിൽ കേരള മുഖ്യമന്ത്രിയെ കൈയാമം വയ്ക്കാത്തത് അവിഹിത രാഷ്ട്രീയ ബന്ധവും പണമിടപാടും മൂലമാണെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
പ്രഫ. എം.ജെ. ജേക്കബ്, സി.പി. മാത്യു, എസ്. അശോകൻ, ജോയി തോമസ്, റോയി കെ. പൗലോസ്, സുരേഷ് ബാബു, രാജു മുണ്ടയ്ക്കാട്ട്, എം.എം. മോനിച്ചൻ, ജോസി ജേക്കബ്, ജോസഫ് ജോണ്, സിറിയക് തോമസ്, കെ.എ. കുര്യൻ, അപു ജോണ് ജോസഫ്, ഷിബിലി സാഹിബ്, രാജു ഓടയ്ക്കൽ, ജാഫർ ഖാൻ മുഹമ്മദ്, ഇന്ദു സുധാകരൻ എന്നിവർ പ്രസംഗിച്ചു.