യുഡിഎഫിൽ മഞ്ഞുരുകിയില്ല; പ്രതിഷേധ സദസിൽ പങ്കെടുക്കാതെ ലീഗ്
1459864
Wednesday, October 9, 2024 6:00 AM IST
തൊടുപുഴ: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും ഇടുക്കിയിലെ കോണ്‍ഗ്രസ് -മുസ്ലിംലീഗ് അഭിപ്രായ ഭിന്നതയ്ക്കു പരിഹാരമായില്ലെന്നു സൂചന.
യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഇന്നലെ തൊടുപുഴയിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസിൽനിന്നും ലീഗ് നേതാക്കൾ വിട്ടുനിന്നു. മുസ്ലിംലീഗ് സ്വതന്ത്രനായി വിജയിച്ച കൗണ്‍സിലർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത കഴിഞ്ഞ ദിവസം ചർച്ചയിലൂടെ പരിഹരിച്ചെന്നാണ് ജില്ലാ ചെയർമാൻ പറഞ്ഞത്. എന്നാൽ മഞ്ഞ് പൂർണമായും ഉരുകിയില്ലെന്നുള്ള സൂചനയാണ് ഇന്നലത്തെ പരിപാടിയോടെ വ്യക്തമായത്.
മുസ്ലിംലീഗ് പ്രവർത്തകർ പങ്കെടുത്താൽ വിട്ടുനിൽക്കുമെന്ന് തിങ്കളാഴ്ച ചേർന്ന ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിനു പുറമേ ലീഗ് പങ്കെടുത്താൽ പ്രതിഷേധ സദസ് ബഹിഷ്കരിക്കുമെന്നുള്ള നിലപാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർമാരും നേതൃത്വത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന തൊടുപുഴ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥിക്ക്. മുസ്ലിംലീഗ്് അംഗങ്ങൾ വോട്ട് ചെയ്തതിനെത്തുടർന്ന് യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന പദവി നഷ്ടമായി. തുടർന്നാണ് ജില്ലയിൽ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിൽ അകന്നത്. തുടർന്നു തൊടുപുഴയിൽ നടക്കുന്ന യുഡിഎഫിന്റെ എല്ലാ പരിപാടികളിലും ജില്ലയിലെ യുഡിഎഫ് കക്ഷികൾ ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും നേതാക്കൾ നിർദ്ദേശം നൽകിയിരുന്നു. ഇതാണ്. മുസ്ലിംലീഗ് നേതൃത്വം തള്ളിയത്.
ലീഗ് പ്രവർത്തകർ പ്രതിഷേധ സദസിന് വരാത്തതിനെ കുറിച്ച് അറിയില്ലെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. വരില്ലെന്ന് അവർ അറിയിച്ചിട്ടില്ല. ലീഗ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കാത്തത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കമ്മിറ്റിയംഗങ്ങൾ ജില്ലയിലെത്തി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകിയതെന്ന് മുസ്ലിംലീഗ്് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ പറഞ്ഞു. ഈ റിപ്പോർട്ടിമേൽ തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിൽ ധാരണയായതായി ഞങ്ങൾക്ക് അറിയിപ്പ് കിട്ടിയിരുന്നു.
സംസ്ഥാന നേതാക്കളെടുക്കുന്ന തീരുമാനം പൂർണമായും അംഗീകരിക്കാമെന്ന് എല്ലാവരും പറഞ്ഞതാണ്. അടുത്ത ദിവസം ചേരുന്ന യുഡിഎഫ് ജില്ലാ സമിതിയിൽ സബ്കമ്മിറ്റിയംഗങ്ങളെത്തി ധാരണയെന്താണെന്ന് വിശദീകരിച്ച ശേഷം ഒരുമിച്ച് പോകാനാണ് തീരുമാനം. തിങ്കളാഴ്ച ലീഗ് ജില്ലയിലെന്പാടും പ്രതിഷേധ സദസ് നടത്തിയിരുന്നതു കൊണ്ടാണ് ഇന്നലത്തെ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.