രാജമല ദേവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു
1459652
Tuesday, October 8, 2024 6:45 AM IST
മൂന്നാർ: നൂറു വർഷം പൂർത്തിയാക്കിയ രാജമല സെന്റ് തെരേസാസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവീകരിച്ച ദൈവാലയത്തിന്റെ വെഞ്ചരിപ്പും നടന്നു. സമൂഹ ദിവ്യബലിക്ക് വിജയപുരം രൂപത മെത്രാൻ റവ.ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ മുഖ്യ കാർമികത്വം വഹിച്ചു. നവീകരിച്ച ദേവാലയത്തിന്റ വെഞ്ചരിപ്പും മെത്രാൻ നിർവഹിച്ചു. ദിവ്യബലിക്കു ശേഷം വിശുദ്ധ കൊച്ചുത്രേസ്യായായുടെ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു.
1924 ൽ സ്പാനിഷ് മിഷണറി വൈദികനായിരുന്ന ഫാ. സെലുസ്റ്റിയാനൂസാണ് ദേവാലയം നിർമിച്ചത്. 1930 മുതൽ വിജയപുരം രൂപതയുടെ ഭാഗമായ ദേവാലയം മൂന്നാർ ബസിലിക്കയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ദേവാലയ പുനർനിർമാണത്തിനു നേതൃത്വം നൽകിയവരെ ആദരിച്ചു. മൂന്നാർ മൗണ്ട് കാർമൽ ബസിലിക്ക റെക്ടർ ഫാ.മൈക്കിൾ വലയിഞ്ചിയിൽ, മറയൂർ ഫെറോന വികാരി ഫാ.നെൽസണ്‍ ആവരവിള, വിവിധ സോണുകളിൽനിന്നുള്ള വൈദീകർ ഉൾപ്പെടെ നിരവധി വിശ്വാസികൾ പങ്കെടുത്തു.