സഡൻബ്രേക്കിൽ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്
1459382
Monday, October 7, 2024 3:05 AM IST
അറക്കുളം: പാഞ്ഞുവന്ന ട്രെയിൽ ഒരു സഡൻ ബ്രേക്കിലൂടെ നിർത്തി മനുഷ്യ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. മൂലമറ്റം സ്വദേശിയായ ലോക്കോ പൈലറ്റ് ജിപ്സണ്‍ രാജ് ജോർജാണ് പാളത്തിൽനിന്ന് ഒരു ജീവൻ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ 30ന് കൊല്ലം-കന്യാകുമാരി മെമു ട്രയിൻ പാറശാല റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട ശേഷമാണ് അപകടം. ഒരാൾ റെയിൽവേ പാളത്തിലൂടെ മുന്നോട്ട് നടന്നുനീങ്ങുന്നു. ജിപ്സണ്‍ പലതവണ നീട്ടി ഹോണ്‍ മുഴക്കിയെങ്കിലും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് മനോധൈര്യം എടുത്ത് ട്രെയിൻ സഡൻ ബ്രേക്ക് ചെയ്യുകയായിരുന്നു. നിരങ്ങിനീങ്ങിയ ട്രെയിൻ തട്ടി ഇയാൾ താഴെ വീണു.
നെടുവാൻവിള സ്വദേശി സരോജനാണ് ട്രെയിനു മുന്നിൽപ്പെട്ടത്. ഇയാളെ നാട്ടുകാർ പുറത്തെടുത്തു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സഡൻ ബ്രേക്ക് ചെയ്യാൻ കഴിയുന്ന ഭാഗമായതിനാലാണ് ഇവിടെ ട്രെയിൻ നിർത്താനായത്.
റെയിൽവേയിൽ 25 വർഷമായി സേവനം നടത്തുന്ന ജിപ്സണ്‍ മൂലമറ്റം സ്വദേശിയാണ്. റിട്ട. പോസ്റ്റ്മാസ്റ്റർ എ.ജെ. ജോർജ്കുട്ടിയുടെയും റിട്ട. അധ്യാപിക പരേതയായ പി.സി. മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ക്രിസ്റ്റീന മക്കൾ: നഥാനിയൽ, നൈസ.