തോട്ടം, ആദിവാസി മേഖലകളിൽ വെള്ളയരി വിതരണം ചെയ്യും: മന്ത്രി
1459183
Sunday, October 6, 2024 2:23 AM IST
ഇടുക്കി: ജില്ലയിലെ തോട്ടം,ആദിവാസി മേഖലകളിലെ റേഷൻ കടകളിലൂടെ ആവശ്യാനുസരണം വെള്ളയരി വിതരണം ചെയ്യുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ.
വിദൂരസ്ഥലങ്ങളിലെ ആദിവാസികൾ, തോട്ടം തൊഴിലാളികൾ എന്നിവർക്കായി തയാറാക്കിയ സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനം ഉടുന്പഞ്ചോല പന്നിയാർ എസ്റ്റേറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 138-ാമത്തെ സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനം ദേവികുളത്തെ നയമക്കാട്ട് മന്ത്രി നിർവഹിച്ചു.
ഉടുന്പൻചോല താലൂക്കിൽ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്, ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിച്ചത്.
പന്നിയാർ എസ്റ്റേറ്റിൽ നടന്ന ചടങ്ങിൽ എം.എം.മണി എംഎൽഎയും ദേവികുളം നയമക്കാട്ട് എ.രാജ എംഎൽഎയും അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ. ബാലൻ, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.