ഗാന്ധിജയന്തി അറിഞ്ഞില്ലേ..? ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടി നഗരസഭ
1458502
Thursday, October 3, 2024 1:34 AM IST
തൊടുപുഴ: നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചപ്പോൾ തൊടുപുഴയിലെ ഗാന്ധിപ്രതിമയോട് നഗരസഭയുടെ കടുത്ത അനാദരവ്. നഗരത്തിലെ ഹൃദയഭാഗത്ത് ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ ജൻമദിനത്തോടനുബന്ധിച്ച് വൃത്തിയാക്കാനോ ആദരവ് അർപ്പിക്കാനോ നഗരസഭാ അധികൃതർ തയാറായില്ല.
എല്ലാ വർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് ശുചീകരണ ജോലിക്കാരെ ഉപയോഗിച്ച് ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കി മാല ചാർത്തി പുഷ്പാർച്ചന നടത്താറുണ്ട്. എന്നാൽ ഗാന്ധി ജയന്തി ആഘോഷിച്ച അവസരത്തിൽ ഇതിനു മുന്നോടിയായി പ്രതിമ വൃത്തിയാക്കാൻ നഗരസഭാ അധികൃതർ തയാറാകാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നു.
മാസങ്ങൾക്കു മുന്‍പ് പ്രതിമയിൽ ചാർത്തിയ മാലയുടെ ഉണങ്ങിക്കരിഞ്ഞ അവശിഷ്ടങ്ങൾ പോലും ഇവിടെ നിന്നും നീക്കം ചെയ്തിരുന്നില്ല. ഇന്നലെ രാവിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ ഗാന്ധി ദർശൻ വേദി പ്രവർത്തകരാണ് ഗാന്ധി പ്രതിമയും പരിസരവും വൃത്തിയാക്കിയത്. പിന്നീട് ഉച്ചകഴിഞ്ഞ് ഒരു ജോലിക്കാരനെത്തി പ്രതിമയിൽ ചെറിയ തോതിൽ ശുചീകരണം നടത്തി. പ്രതിമ വൃത്തിയാക്കാൻ നഗരസഭാ അധികൃതർ ശുചീകരണ ജോലിക്കാർക്ക് നിർദേശം നൽകിയില്ലെന്നാണ് ആക്ഷപം.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രതിമ വൃത്തിയാക്കി പുഷ്പാർച്ചന നടത്തുന്ന പതിവ് വർഷങ്ങളായിട്ടില്ലെന്ന് വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി പറഞ്ഞു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ചാണ് പ്രതിമ വൃത്തിയാക്കി പുഷ്പാർച്ചന നടത്താറുള്ളത്. ഇപ്പോൾ ചിലർ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അവർ പറഞ്ഞു.
എന്നാൽ എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ പ്രതിമ ശുചീകരണം നടത്തി പുഷ്പാർച്ചന നടത്തുന്ന പതിവുണ്ടെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർ കെ. ദീപക് പറഞ്ഞു. ഇത്തവണ അതിനുള്ള നിർദേശം പോലും നൽകിയില്ല. ഇതിലുള്ള പ്രതിഷേധം അടുത്ത കൗണ്‍സിൽ യോഗത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.