സ്പെയർപാർട്സും ജീവനക്കാരുമില്ല; കെഎസ്ആർടിസി കട്ടപ്പുറത്ത്
1458366
Wednesday, October 2, 2024 6:54 AM IST
തൊടുപുഴ: ബസുകൾക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ സ്പെയർപാർട്സുകളും മെക്കാനിക്കൽ ജീവനക്കാരുമില്ലാതെ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ പ്രതിസന്ധിയിൽ. ഇതു മൂലം തൊടുപുഴ ഉൾപ്പെടെ പല ഡിപ്പോകളിലും സർവീസുകൾ കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
ബസുകൾ കട്ടപ്പുറത്താകുന്നതോടെ പല റൂട്ടുകളിലും യാത്രക്കാരും ദുരിതത്തിലാണ്. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതും ടയർ പൊട്ടിയതുമായ സംഭവങ്ങളും ഒട്ടേറെ. കഴിഞ്ഞ ദിവസം മൂലമറ്റം-പുള്ളിക്കാനം റൂട്ടിൽ ബസിന്റെ സ്റ്റിയറിംഗ് റാഡ് ഒടിഞ്ഞതിനെത്തുടർന്ന് ബസ് അപകടത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തൊടുപുഴ ഡിപ്പോയിൽ മുൻപ് 56 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 48 ഷെഡ്യൂളുകളാണ് നടത്തുന്നത്. ആകെ 55 ബസുകളാണ് ഡിപ്പോയിലുള്ളത്. വൈക്കം, ചേലച്ചുവട് റൂട്ടിലോടുന്ന ബസുകൾ മിക്കദിവസവും പണിമുടക്കുന്നതായി യാത്രക്കാർ പറയുന്നു. ബ്രേക്ക് ഡ്രം, സ്ലാക്ക് അഡ്ജസ്റ്റർ എന്നിവയ്ക്കാണ് ക്ഷാമം.
ഹൈറേഞ്ച് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പ്രധാനമായും ഇവയുമായി ബന്ധപ്പെട്ട തകരാറുകളാണ് ഉണ്ടാകാറുള്ളത്. സ്പെയർപാർട്സ് ലഭ്യമല്ലാത്തതിനാൽ എൻജിൻ തകരാറിലായിക്കിടക്കുന്ന ഏതെങ്കിലും ബസിൽനിന്ന് സ്പെയർ പാർട്സ് എടുത്ത് മാറ്റിയിട്ടാണ് അടിയന്തര ഘട്ടങ്ങളിൽ താത്കാലികമായി പ്രശ്നം പരിഹരിക്കുന്നത്. മെക്കാനിക്കൽ ജീവനക്കാരുടെ കുറവും ടയർ ക്ഷാമവും ഡിപ്പോയെ അലട്ടുന്നുണ്ട്.
കട്ടപ്പന ഡിപ്പോയിൽ മെക്കാനിക്കൽ ജീവനക്കാരുടെ കുറവാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതിനാൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കാൻ സാധിക്കുന്നില്ല. മുൻപ് 18 മെക്കാനിക്കൽ ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. നിലവിൽ 12 പേർ മാത്രമാണുള്ളത്. അതിൽ ഒരാൾ രോഗ ബാധിതനായി ചികിത്സയിലായതിനാൽ 11 പേരുടെ സേവനമേ ലഭിക്കുന്നുള്ളൂ.
സ്പെയർപാർട്സുകൾ എത്തിയാലും ജീവനക്കാർ ഇല്ലാത്തതിനാൽ യഥാസമയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിക്കാറില്ല. നേരത്തേ റാംപ് സൗകര്യം ഉണ്ടായിരുന്നെങ്കിലും 2018ലെ പ്രളയകാലത്ത് വർക്ഷോപ്പിനു മുകളിൽ മണ്ണിടിഞ്ഞു വീണപ്പോൾ അതു നശിച്ചു. പകരം റാംപ് നിർമിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആറു വർഷമായിട്ടും നടപടി ഉണ്ടായിട്ടില്ല.
ഒരു വർഷമായി മൂന്നാർ ഡിപ്പോയിൽ സ്പെയർപാർട്സുകളുടെ കുറവ് പതിവായിരിക്കുകയാണ്. ആലുവയിലുള്ള റീജണൽ വർക്ഷോപ്പിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഒന്നിടവിട്ട ദിവസങ്ങളിൽ ഡിപ്പോ എൻജനിയർ നൽകുമെങ്കിലും ടയർ ഒഴികെയുള്ള യന്ത്ര ഭാഗങ്ങൾ വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. അന്തർസംസ്ഥാന സർവീസ് ഉൾപ്പെടെ 30 സർവീസുകളാണ് മൂന്നാർ ഡിപ്പോയിൽനിന്നു ദിവസവും സർവീസ് നടത്തുന്നത്.
നെടുങ്കണ്ടത്ത് സ്പെയർപാർട്സുകൾക്ക് ക്ഷാമമില്ലെന്ന് അധികൃതർ പറയുന്പോഴും ബ്രേക്ക് ഡ്രം ഉൾപ്പെടെയുള്ള അടിയന്തര പാർട്സുകൾ സമയബന്ധിതമായി ലഭിക്കുന്നില്ലെന്നാണ് വിവരം. ഹൈറേഞ്ചിൽനിന്നു ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾക്ക് ടയർ, ബ്രേക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട തകരാറുകൾ പതിവായി ഉണ്ടാകാറുണ്ട്.
ആലുവയിലെ റീജണൽ വർക്ഷോപ്പിൽനിന്ന് പാർട്സുകൾ ആവശ്യപ്പെട്ടാലും ഉടനടി ലഭിക്കാറില്ലെന്നും പരാതിയുണ്ട്. നെടുങ്കണ്ടം ചെന്പകക്കുഴിയിൽ റാന്പോടു കൂടിയ വർക്ഷോപ്പിന്റെ നിർമാണം പൂർത്തിയായിട്ട് കാലങ്ങളായെങ്കിലും ബിഎഡ് കോളജിന് സമീപമുള്ള പരിമിത സൗകര്യങ്ങൾക്ക് നടുവിലാണ് കെഎസ്ആർടിസി വർക്ഷോപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
പഴക്കം ചെന്ന ബസുകളാണ് മൂലമറ്റത്തുനിന്നു വാഗമണ് റൂട്ടിലടക്കം സർവീസ് നടത്തുന്നത്. സ്പെയർപാർട്സിന്റെ കുറവ് മൂലം വാഹനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കാറില്ല. ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. മുൻകാലങ്ങളിൽ ബസുകൾക്കാവശ്യമായ സ്പെയർപാർട്സുകൾ ഡിപ്പോയിൽ സൂക്ഷിച്ചിരുന്നു.
ഇപ്പോൾ ആവശ്യപ്പെടുന്നവ എത്തിച്ചുനൽകുകയാണ് പതിവ്. ഇതുമൂലം അറ്റകുറ്റപ്പണികൾ വൈകുന്നുണ്ട്. മൂലമറ്റം ഡിപ്പോയിലെ ബസുകളേറെയും കയറ്റിറക്കമുള്ള പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്നവയാണ്. അടുത്തകാലം വരെ മൂലമറ്റത്ത് പ്രവർത്തിച്ചിരുന്ന ജില്ലാ വർക്ഷോപ്പിന്റെ പ്രവർത്തനം നിർത്തിയതും ഇവിടെ ജോലികൾ വൈകുന്നതിന് കാരണമാകുന്നുണ്ട്.
മെക്കാനിക്കൽ ജീവനക്കാരുടെ കുറവാണ് കുമളി ഡിപ്പോയിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബ്രേക്ക് ഡ്രം ഒഴികെ ആവശ്യത്തിന് സ്പെയർപാർട്സുകളുണ്ടെങ്കിലും ഇവ മാറ്റിയിടാൻ ആവശ്യമായ മെക്കാനിക്കുകൾ ഡിപ്പോയിൽ ഇല്ല.
നിലവിൽ 10 മെക്കാനിക്കുകളുടെ കുറവാണുള്ളത്. കൂടാതെ ശബരിമല സീസണ് ആരംഭിക്കുന്നതോടെ കൂടുതൽ ബസുകൾ കുമളിയിൽനിന്നു സർവീസ് ആരംഭിക്കേണ്ടിവരും. എന്നാൽ ക്രമീകരണങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്.