ചൊക്രമുടി വിവാദം ഭൂമാഫിയയെ സംരക്ഷിക്കാൻ: സിപിഐ
1458360
Wednesday, October 2, 2024 6:54 AM IST
തൊടുപുഴ: ചൊക്രമുടി കൈയേറ്റവും അനധികൃത നിർമാണങ്ങളും തടയാൻ റവന്യുവകുപ്പും സർക്കാരും സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സിപിഐ ജില്ലാകൗണ്‍സിൽ വ്യക്തമാക്കി. ഇവിടുത്തെ മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കണമെന്ന കർശന നിലപാടാണ് പാർട്ടിക്കുള്ളത്. ജില്ലയിലെ ഭൂമി കൈയേറ്റങ്ങളിൽ പ്രതിപട്ടികയിലുള്ളത് യുഡിഎഫുകാരും കോണ്‍ഗ്രസുകാരുമാണ്.
സിപിഐയെ ഭൂമികൈയേറ്റക്കാരും ഇവരെ സഹായിക്കുന്നവരുമായി ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമം രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചുള്ളതും ഭൂമാഫിയയെ സംരക്ഷിക്കാനുമാണ്. ജില്ലാ സെക്രട്ടറിയെയും വകുപ്പ് മന്ത്രിയെയും വ്യക്തിപരമായി കുറ്റക്കാരാക്കാൻ പ്രതിപക്ഷനേതാവിന്റെ പക്കൽ എന്ത് തെളിവാണുള്ളത്.
യാതൊരു അടിസ്ഥാനങ്ങളുമില്ലാത്ത ആരോപണങ്ങൾക്ക് വി.ഡി. സതീശൻ മറുപടി നൽകേണ്ടി വരും.അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ആരും ശ്രമിക്കേണ്ട. ജില്ലയിലെ ഭൂമിസംബന്ധമായ വിവാദങ്ങൾ പ്രദേശത്തെ യഥാർത്ഥ കർഷകരുടെ പട്ടയ വിതരണത്തെ തടസപ്പെടുത്താനേ കഴിയൂവെന്നും കൗണ്‍സിൽ വ്യക്തമാക്കി.