ശബരിമല മകരവിളക്ക്: അവലോകന യോഗം നടത്തി
1457914
Tuesday, October 1, 2024 4:05 AM IST
ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവം സംബന്ധിച്ച ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുള്ള അവലോകന യോഗം കളക്ടറേറ്റിൽ നടത്തി. വാഴൂർ സോമൻ എംഎൽഎ, ജില്ലാകളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ്ഗാർഗ്, എഡിഎം ഷൈജു പി. ജേക്കബ് എന്നിവർ പങ്കെടുത്തു.
ശബരിമല തീർഥാടന കാലത്തേക്കായി പ്രത്യേക നോഡൽ ഓഫീസർ, ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരെ നിയമിക്കും.
ജില്ലയിലൂടെ കടന്നുപോകുന്ന തീർഥാടനപാതയിൽ സുരക്ഷക്കായി പോലീസിനെ വിന്യസിക്കും. മകരവിളക്ക് ദിവസം കെഎസ്ആർടിസി ബസുകൾ കുമളി -കോഴിക്കാനം റൂട്ടിൽ സർവീസ് നടത്തുന്നതിനും കോഴിക്കാനത്ത് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പൊതുമരാമത്ത് വകുപ്പ് മുഖേന തീർഥാടനപാതകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
കുമളി ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിയന്ത്രണം ഏർപ്പെടുത്തും. അസി. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങളുടെ അളവു തൂക്കം, ഗുണനിലവാരം, വിലനിയന്ത്രണം എന്നിവ പരിശോധിക്കുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഭാഷകളിലുള്ള അറിയിപ്പ്, സൂചന, ദിശാബോർഡുകൾ കാനന പാതയിൽ ക്രമീകരിക്കും. ബിഎസ്എൻഎൽ മൊബൈൽ ടവറുകൾ, സുസജ്ജമായ ഇൻഫർമേഷൻ ഹെൽപ് ഡെസ്കുകൾ, വയർലെസ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തും.
ജില്ലാ തലത്തിൽ പോലീസ്, എക്സൈസ്, ജില്ലാ സപ്ലൈ ഓഫീസ്, ഫുഡ് സേഫ്റ്റി, മോട്ടോർ വാഹനം, റവന്യൂ, പഞ്ചായത്ത്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സ്ക്വാഡുകൾ രൂപീകരിക്കും. തീർഥാടകർ കടന്നുപോകുന്ന പ്രദേശങ്ങളിൽ താത്കാലിക കണ്ട്രോൾ റൂമുകൾ, പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ പ്രദേശങ്ങളിൽ ബാരിക്കേഡ് നിർമാണം, ശുചിത്വ മിഷനുമായി ചേർന്ന് പ്ലാസ്റ്റിക്, മാലിന്യം നിർമാർജനം എന്നിവ നടപ്പാക്കും.
മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട് പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തും പാറ, പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളിൽ ആവശ്യമായ സരക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്തും.
ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം, അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വകുപ്പുകളുടെ മെഡിക്കൽ ക്യാന്പുകൾ എന്നിവ സജീവമാക്കും. വണ്ടിപ്പെരിയാർ വഴി തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളും ചികിത്സ, കുടിവെള്ളം എന്നിവ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തും.
അസ്കാലൈറ്റ് ഉൾപ്പെടെയുള്ള ശബ്ദ, വെളിച്ച ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം, ഭക്ഷണം, കുടിവെള്ളം, താത്കാലിക ഷെഡുകൾ എന്നിവ ക്രമീകരിക്കും.