സോഷ്യൽ മീഡിയ വഴി വ്യാജ അശ്ലീല ചാറ്റ് പ്രചരിപ്പിച്ചു; വൈദികൻ നിയമനടപടിക്ക്
1454484
Thursday, September 19, 2024 11:31 PM IST
രാജാക്കാട്: തന്റെപേരിൽ അശ്ലീല വാട്സ്ആപ് ചാറ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് യാക്കോബായ സഭയിലെ വൈദിക പ്രതിനിധിയായ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. ബിനോയ് ചാത്തനാട്ട് അറിയിച്ചു. ഹൈറേഞ്ചിലെ വിവിധ പള്ളികളിൽ മൂന്നു പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന ഫാ. ബിനോയി വർക്കി ചാത്തനാട്ട് 2023 ൽ മുരിക്കുംതൊട്ടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായി പ്രവർത്തിക്കുമ്പോഴാണ് ഇദ്ദേഹം ഒരു യുവതിയുമായി നടത്തിയ വാട്സ്ആപ് ചാറ്റ് എന്ന തരത്തിൽ പള്ളിയിൽ ഉൾപ്പെടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ആരോ കൊണ്ടിട്ടത്. ഇത് തന്റെ വാട്സ്ആപ് ചാറ്റല്ലെന്നു വ്യക്തമാക്കിയ ഫാ. ബിനോയി ഇതു സംബന്ധിച്ച് ശാന്തൻപാറ പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരുന്നു.
നടപടി ഉണ്ടാകാത്തതിനാൽ ജില്ലാ പോലീസ് മേധാവിയെ നേരിൽകണ്ട് പരാതി നൽകി. തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഫാ. ബിനോയി വർക്കി ചാത്തനാട്ടിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത എറണാകുളം കലൂർ സ്വദേശിയായ പി.എം. നിഖിൽ എന്ന യുവാവ് കോട്ടയം കറുകച്ചാലിൽ ഉള്ള യുവതിയുമായി അശ്ലീല ചാറ്റുകൾ നടത്തിയതിന്റെ വിവരങ്ങൾ കണ്ടെത്തി. പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിക്കുകയും തൊടുപുഴ സിജെഎം കോടതിയിൽ അന്തിമ വിചാരണ നടന്നുവരികയുമാണ്.
എന്നാൽ, വാട്സ്ആപ് ചാറ്റുകൾ വ്യാജമാണെന്നറിഞ്ഞിട്ടും മുരിക്കുംതൊട്ടി സെന്റ് ജോർജ് പള്ളിയിലെ അന്നത്തെ ട്രസ്റ്റിയുടെ നിർദേശപ്രകാരം ഓഫീസ് ക്ലർക്കാണ് പള്ളിയിലെ കംപ്യൂട്ടറിൽ നിന്നും ഇതിന്റെ പകർപ്പുകൾ എടുത്ത് പലസ്ഥലത്തും ഇട്ടതെന്ന് വ്യക്തമായതായി ഫാ. ബിനോയ് ചാത്തനാട്ട് പറഞ്ഞു. ഈ സന്ദേശം പ്രചരിച്ചതിന്റെ പേരിൽ തന്നെ മാങ്കുളം പള്ളിയിലേക്ക് സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ പ്രതിയെ കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.