സഞ്ചാരികളുടെ മനം കവർന്ന് ബജറ്റ് ടൂറിസം
1454176
Wednesday, September 18, 2024 11:36 PM IST
തൊടുപുഴ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി തൊടുപുഴ ഡിപ്പോയിൽ നിന്നും നടത്തുന്ന സർവീസുകൾ വൻ വിജയത്തിലേക്ക്. ഓണത്തോടനുബന്ധിച്ച് നടത്തിയ ഉല്ലാസ യാത്രാ സർവീസുകൾ എല്ലാംതന്നെ ജനപങ്കാളിത്തത്തോടെ വിജയകരമായപ്പോൾ ഡിപ്പോയ്ക്ക് മെച്ചപ്പെട്ട വരുമാനം നേടിയെടുക്കാനും ഇത് സഹായകരമായി. വിനോദ യാത്രയ്ക്കായി കുറഞ്ഞ നിരക്കിൽ വ്യത്യസ്ത പാക്കേജുകൾ ഒരുക്കുന്നതിനാൽ എല്ലാ സർവീസുകൾക്കും മുൻകൂർ ബുക്കിംഗ് നടത്തി സഞ്ചാരികൾ കാത്തിരിക്കുകയാണ്. കുടുംബസമേതമാണ് ഒട്ടേറെ പേർ യാത്രകളിൽ പങ്കാളികളാകുന്നത്.
സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അടിപൊളി യാത്രയും വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഫീസ് നിരക്കുകളും ഭക്ഷണവും എല്ലാ ഉൾപ്പെടെയുള്ള പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കുന്നത്. ഉല്ലാസക്കപ്പൽ യാത്ര, ജംഗിൾ സഫാരി, കടൽ, കായൽ സവാരി, തീർഥാടന കേന്ദ്രം സന്ദർശനം തുടങ്ങി വ്യത്യസ്ത തരം ടൂർ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കുന്നത്. കുറഞ്ഞ നിരക്കും ഏകദിന പാക്കേജുമാണ് ഇതിലേക്ക് കൂടുതൽ പേരെ ആസ്വദിക്കാൻ കാരണം.
ആസ്വദിച്ച് ആറന്മുള വള്ളസദ്യ
ഈ ഓണക്കാലത്ത് തൊടുപുഴയിൽ നിന്നുള്ള സർവീസുകളിൽ ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്തത് ആറന്മുള വള്ളസദ്യയ്ക്കായുള്ള ഉല്ലാസ യാത്രയിലായിരുന്നു. ജൂലൈ 28 മുതൽ ഒക്ടോബർ രണ്ടു വരെയാണ് ആറന്മുളയിൽ വള്ള സദ്യ നടക്കുന്നത്. ഇതിനോടകം 300 ഓളം പേരാണ് ആറന്മുള യാത്രയിൽ പങ്കാളികളായത്. ആറന്മുള പഞ്ചപാണ്ഡവ ക്ഷേത്രത്തിൽ ദർശനം നടത്തി വള്ളസദ്യയും കഴിച്ച് ആറന്മുളയുടെ പൗരാണികതയും കണ്ടു മടങ്ങാം. 950 രൂപയാണ് ഒരാൾക്ക് ചാർജായി ഈടാക്കുന്നത്. ഈ സീസണിലെ അവസാന സർവീസ് 29ന് നടക്കും.
ഉല്ലാസക്കപ്പൽ യാത്ര
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്തുന്നതിൽ ഏറ്റവും ആകർഷകമാകുന്നത് ഉല്ലാസക്കപ്പൽ യാത്രയാണ്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിൽ അഞ്ചു മണിക്കൂർ കടൽ യാത്ര ഉൾപ്പെടെയുള്ള പാക്കേജാണ് ഇത്. രസകരമായ ഗെയിമുകളും പാട്ടും ഡാൻസും തിയറ്ററും അപ്പർ ഡക്കിൽ നിന്ന് അറബിക്കടലിലെ സൂര്യാസ്തമയവും കാണാൻ കഴിയുന്ന അഞ്ചു മണിക്കൂർ യാത്രയാണ് കടലിൽ ഒരുക്കുന്നത്. ബോൾഗാട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഭക്ഷണം ഉൾപ്പെടെ മുതിർന്നവർക്ക് 3,550 രൂപയും 10 വയസു വരെയുള്ള കുട്ടികൾക്ക് 1250 രൂപയുമാണ് ചാർജ്.
സീ അഷ്ടമുടിയും
സീ കുട്ടനാടും
കൊല്ലത്തെത്തി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടിയിൽ കായലിലൂടെയുള്ള ഉല്ലാസ യാത്രാ പാക്കേജാണ് സീ അഷ്ടമുടി. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാന്പ്രാണിക്കൊടി ഉൾപ്പെടെ അഞ്ചു മണിക്കൂർ കായൽ യാത്രയാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. 1070 രൂപയാണ് ഒരാൾക്ക് ചാർജ്.
ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് എന്ന ബോട്ടിൽ പുന്നമടക്കായലിലൂടെ ആലപ്പുഴയുടെ ദൃശ്യമനോഹാരിത വീക്ഷിക്കാനുള്ള പാക്കേജാണ് സീ കുട്ടനാടിലൂടെ ഒരുക്കിയിരിക്കുന്നത്. അർത്തുങ്കൽ പള്ളിയും പാതിരാമണലും ഉൾപ്പെടെ സന്ദർശിച്ച് മടങ്ങാം. 950 രൂപയാണ് ഇതിനായി ഈടാക്കുന്നത്.
ഗവിയും അടവിയും
ഗവിയിലേക്കും പ്രത്യേക പാക്കേജ് തൊടുപുഴ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. തൊടുപുഴ ഡിപ്പോയിൽ നിന്നും കോന്നി അടവിയിലെത്തി ഇവിടെ കുട്ടവഞ്ചി സവാരി ആസ്വദിച്ച ശേഷമാണ് ഗവി യാത്ര. ഫാസ്റ്റ് പാസഞ്ചർ ബസുകൾ റോഡിന് പര്യാപ്തമല്ലാത്തതിനാൽ ഓർഡിനറി ബസിലാണ് യാത്ര ഒരുക്കുന്നത്. നേരത്തെ 2350 രൂപയായിരുന്ന ഭക്ഷണം ഉൾപ്പെടെ ഗവിയിലേക്കുള്ള ഉല്ലാസ യാത്രയ്ക്ക് ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ 1950 രൂപയായി നിരക്ക് കുറച്ചിട്ടുണ്ട്.
പുതിയ ഉല്ലാസ
സർവീസുകൾ
സീ കൊച്ചി എന്ന പേരിൽ പുതിയ സർവീസ് ഉടൻതന്നെ ഡിപ്പോയിൽ നിന്നും ആരംഭിക്കും. കൊച്ചി നഗരത്തെയും കായലിനെയും പൂർണമായും ആസ്വദിക്കത്തക്ക വിധത്തിലാണ് ഈ പാക്കേജ് ഒരുക്കുന്നത്. സൂര്യാംശു എന്ന ബോട്ടിലാണ് വൈപ്പിൻ, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ബോൾഗാട്ടി എന്നിവയൊക്കെ ബന്ധിപ്പിച്ചുള്ള കായൽ യാത്ര. ഇതിനു പുറമെ പാഞ്ചാലിമേട്, തേക്കടി, രാമക്കൽമേട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ പാക്കേജും ആരംഭിക്കും.
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന വയനാടൻ യാത്രയും അടുത്ത മാസം ആരംഭിക്കും. ജംഗിൾ സഫാരി ഉൾപ്പെടെയാണ് വയനാടൻ യാത്രയിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ വാഗമണ്, മൂന്നാർ, മലക്കപ്പാറ, ചതുരംഗപ്പാറമെട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ഉല്ലാസ യാത്ര നടത്തി വരുന്നുണ്ട്.
കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് സെൻട്രൽ സോണിൽ ബജറ്റ് ടൂറിസം യാത്രകളിലൂടെ ഏറ്റവും കൂടുതൽ വരുമാന നേട്ടമുണ്ടാക്കിയത് തൊടുപുഴ ഡിപ്പോയാണ്. എട്ടര ലക്ഷത്തോളം രൂപയാണ് ഇക്കാലയളവിൽ ഡിപ്പോ നേടിയത്.