നാടെങ്ങും വിപുലമായ ഓണാഘോഷം
1453677
Tuesday, September 17, 2024 12:08 AM IST
തൊടുപുഴ: വർണശബളമായ വിവിധ പരിപാടികളോടെ നാടെങ്ങും ഓണാഘോഷം നടത്തി. ക്ലബുകൾ, ലൈബ്രറികൾ, സന്നദ്ധസംഘടനകൾ, റെസിഡൻസ് അസോസിയേഷൻ, സ്കൂളുകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷം നടത്തി. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ, അത്തപ്പൂക്കളം, ഘോഷയാത്ര, വടംവലി, പായസമേള തുടങ്ങിയവയും വിവിധ സന്നദ്ധസംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ഓണക്കിറ്റുകളുടെ വിതരണവും നടത്തി.
വീടുകളിൽ വിഭവസമൃദ്ധമായ ഓണസദ്യയും തയാറാക്കി. മുൻവർഷത്തെ അപേക്ഷിച്ച് തിരുവോണദിനത്തിൽ ഹോട്ടലുകളിൽ ഓണസദ്യയ്ക്ക് വൻ ഓർഡറായിരുന്നു. പലയിടത്തും തിരക്ക് വർധിച്ചതോടെ ഓണസദ്യ വീടുകളിലെത്തിക്കാൻ ഹോട്ടൽ ജീവനക്കാരും കേറ്ററിംഗ് സ്ഥാപന ഉടമകളും നന്നേ വിയർത്തു.
തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂളിൽ ഓണാഘോഷം നടത്തി. നഗരസഭ ചെയർപേഴ്സണ് സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു.
ഓണപ്പൂക്കളം, കുട്ടികൾക്കായി വിവിധ മൽസരങ്ങൾ എന്നിവ നടത്തി. പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും വടംവലി മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിനു മാറ്റുകൂട്ടി. സമാപന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് അഡ്വ. പ്രേംജി സുകുമാരൻ അധ്യക്ഷത വഹിച്ചു. നഗരസഭാഗം നിധി മനോജ് ഉദ്ഘാടനം ചെയ്തു. പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർ പി.എം. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി നഗരസഭ മുൻ ചെയർമാൻ രാജീവ് പുഷ്പാംഗദൻ, പിടിഎ വൈസ് പ്രസിഡന്റ് ഡോ. കെ.കെ. ഷാജി , എംപിടിഎ ചെയർപേഴ്സണ് നാദിയ ഷാജഹാൻ, നിസാർ പഴേരി എന്നിവർ പ്രസംഗിച്ചു. സ്കൂൾ എസ്എംസി ചെയർമാൻ റഫീക്ക് പള്ളത്തുപറന്പിൽ സ്വാഗതവും ഹെഡ്മിസ്ട്രസ് എം.ആർ. സ്വപ്ന നന്ദിയും പറഞ്ഞു.
അറക്കുളം: സെന്റ് മേരീസ് എച്ച്എസ്എസിൽ ഓണാഘോഷം നടത്തി. സാംസ്കാരിക ഘോഷയാത്ര, വിവിധ മൽസരങ്ങൾ, ഓണസദ്യ എന്നിവയും ഇതോടനുബന്ധിച്ച് നടത്തി. യോഗം സ്കൂൾ പ്രിൻസിപ്പൽ അവിര ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഫ്രാൻസിസ് കരിന്പാനി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ദിനേശ് സെബാസ്റ്റ്യൻ, ജോയി കിഴക്കേൽ, ജോസ് തോമസ്, ജോവിൻ തോമസ്, ഫിലോമിന പൈകട എന്നിവർ പ്രസംഗിച്ചു.
കരുണ ചാരിറ്റബിൾ സൊസൈറ്റി
കരിമണ്ണൂർ
കരിമണ്ണൂർ: കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും നടത്തി.ഹോളി ഫാമിലി എൽപി സ്കൂൾ ഹാളിൽ സൊസൈറ്റി പ്രസിഡന്റ് കെ.എം. മത്തച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കരിമണ്ണൂർ ഫെറോന വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഓണസന്ദേശം നൽകി. മനോജ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി.
പാലക്കാട് നടത്തിയ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിമെഡൽ നേടിയ സിദ്ധാർത്ഥ എസ്. കല്ലുറുന്പിൽ, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ജുവാന ഇല്യാസ് നടുപ്പറന്പിൽ, ആനി രാജേഷ് ചെമ്മായത്ത് എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
വനിതവിംഗ് പ്രസിഡന്റ് കൊച്ചുറാണി ജോസ് കൊട്ടാരത്തിൽ, സെക്രട്ടറി ഹാജറ, ഡാമിയൻ പാറത്താഴം, ജോസ് കണ്ണംകുളം, ഷൈജു തങ്കപ്പൻ കല്ലുറുന്പിൽ, ജോളി കൊല്ലിയിൽ, ജോയി തൊമ്മൻകുത്ത്, ജിജി അഗസ്റ്റിൻ ഒഴാങ്കൽ, കെ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.