ബസുകൾ പണിമുടക്കി ; നാട്ടുകാരും ബസ് ജീവനക്കാരുമായി സംഘർഷം
1452286
Tuesday, September 10, 2024 10:46 PM IST
തൊടുപുഴ: ബസ് സർവീസിനു മുന്നിൽ ഓട്ടോ സമാന്തര സർവീസ് നടത്തുന്നതിനെ ചൊല്ലി സംഘർഷം. തൊടുപുഴ- മണക്കാട് റൂട്ടിൽ ട്രിപ്പ് നടത്തുന്നതിന്റെ പരിൽ ഓട്ടോ ഡ്രൈവർമാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ ബസ് ജീവനക്കാരെ നാട്ടുകാർ മർദിച്ചതായി പരാതി. സംഭവത്തിന്റെ പേരിൽ ഇന്നലെ മണക്കാട്- വാഴക്കുളം റൂട്ടിലും, മണക്കാട് -പണ്ടപ്പിള്ളി- മൂവാറ്റുപുഴ റൂട്ടിലും സ്വകാര്യ ബസുകൾ പണി മുടക്കി. ഇതോടെഈ റൂട്ടിലെ യാത്രക്കാർ വലിയ ദുരിതത്തിലായി.
സർവീസ് നടത്തുന്ന ബസിനു മുന്നിലായി ഓട്ടോയിൽ യാത്രക്കാരെ കയറ്റിപ്പോയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് മർദിച്ചതെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. അതേസമയം ഓട്ടോയിൽ പോയ യാത്രക്കാരിയെ വാഹനം തടഞ്ഞ് ഇറക്കി വിട്ടതിന്റെ പേരിലാണ് സംഘർഷം ഉണ്ടായതെന്ന് നാട്ടുകാരും പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ഈ റൂട്ടിലോടുന്ന മറിയം ബസിനു തൊട്ടുമുന്നിൽ പോയ ട്രിപ് ഓട്ടോ യാത്രക്കാരെ കയറ്റിയത് ബസ് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബസ് മുന്നിൽ കയറ്റിനിർത്തി ഓട്ടോ തടയുകയും ചെയ്തു. ഓട്ടോയിൽ കയറിയവരോട് തിരികെ ബസിൽ കയറാൻ ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. പിന്നീട് ബസ് തിരികെ വന്നപ്പോൾ ഓട്ടോയിലെ യാത്രക്കാരിയായിരുന്ന യുവതിയുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ബസിന്റെ ഡ്രൈവർ ശ്യാം, കണ്ടക്ടർ വിഷ്ണു എന്നിവരെ മർദിച്ചതെന്നാണ് ഇവർ പോലീസിൽ നൽകിയ പരാതി.
ഇതേത്തുടർന്ന് ബസ് ജീവനക്കാർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണക്കാട് സ്വദേശികളായ മാത്യൂസ്, അമൽ എന്നിവരുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.
മണക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ പോകുന്നതിനു തൊട്ടു മുന്പ് ഓട്ടോകളിൽ യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്നതിന്റെ പേരിൽ വാക്കേറ്റവും തർക്കവും നേരത്തേയുള്ളതാണ്.