രാജകുമാരി പള്ളിയിൽ എട്ടാമിടം 15ന്
1452006
Monday, September 9, 2024 11:46 PM IST
രാജകുമാരി: ഇടുക്കി രൂപതയിലെ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിനും കൊടിയിറങ്ങി. എട്ടാമിടം തിരുനാൾ 15ന് ആഘോഷിക്കും.
കഴിഞ്ഞ ഒൻപതു ദിനങ്ങളിലായി നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു മരിയൻ ഭക്തരാണ് രാജകുമാരി അമ്മയുടെ സന്നിധിയിലെത്തി പ്രാർഥിച്ചും അനുഗ്രഹങ്ങൾ യാചിച്ചും മടങ്ങിയത്. തിരുനാൾ ദിവസങ്ങളിൽ മാർ ജോയി ആലപ്പാട്ട്, മാർ പോൾ ആന്റണി മുല്ലശേരി, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ കാർമികത്വത്തിൽ പൊന്തിഫിക്കൽ കുർബാനയും തമിഴിലും ഹിന്ദിയിലും മലങ്കര റീത്തിലും ലത്തീൻ റീത്തിലുമുള്ള വിശുദ്ധ കുർബാനകളും നടത്തി.
ഏഴിന് നടന്ന നാലാമത് ഇടുക്കി രൂപത മരിയൻ തീർഥാടനത്തിൽ ഈ വർഷം കാൽലക്ഷത്തോളം ഭക്തർ പങ്കെടുത്തു. തീർഥാടനം ആറിന് ഉച്ചകഴിഞ്ഞ് 3.30ന് അടിമാലി സെന്റ് ജൂഡ് പള്ളിയിൽനിന്നാരംഭിച്ച് 26 കിലോമീറ്റർ ദൂരം രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പദയാത്രയായി സഞ്ചരിച്ച് രാജാക്കാട് പള്ളിയിലെത്തി സമാപിച്ചു. പിറ്റേന്ന് രാജാക്കാട് പള്ളിയങ്കണത്തിൽനിന്ന് പദയാത്ര ആരംഭിച്ച് രാജകുമാരി പള്ളിയിൽ സമാപിച്ചു. നൂറുകണക്കിന് വിശ്വാസികളും യുവജനങ്ങളും പദയാത്രയിൽ പങ്കെടുത്തു.
എട്ടിന് ഇടുക്കി മെത്രാൻ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് തിരുനാൾ സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണത്തിനുശേഷം പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ എട്ടുനോമ്പ് തിരുനാളിന് സമാപനമായി. വികാരി മോൺ. ഏബ്രഹാം പുറയാറ്റ്, സഹവികാരിമാരായ ഫാ. ജോസഫ് മാതാളികുന്നേൽ, ഫാ. ജെഫിൻ എലിവാലുങ്കൽ എന്നിവർ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.
എട്ടാമിടം തിരുനാൾ 15ന് വിവിധ തിരുക്കർമങ്ങളോടെ ഫാ. പോളി മണിയാട്ടിന്റെ കാർമികത്വത്തിൽ നടക്കും. ആഘോഷമായ റാസ കുർബാന, തിരുനാൾ പ്രദക്ഷിണം എന്നിവയുണ്ടാകും.