ഇരുപതേക്കർ പാലം നിർമാണം പാതിവഴിയിൽ; യാത്രക്കാർക്ക് ദുരിതം
1450890
Thursday, September 5, 2024 11:40 PM IST
കട്ടപ്പന: മലയോര ഹൈവേയുടെ ഭാഗമായ ഇരുപതേക്കർ പാലം നിർമാണം വൈകുന്നതോടെ യാത്രക്കാരുടെ നടുവൊടിയുന്നു.
മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായ കട്ടപ്പന നരിയംപാറ റീച്ചിൽ പാലം നിർമാണം പൂർത്തിയാകേണ്ടതായിരുന്നു.
ബിഎംബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കുകയും സ്ട്രീറ്റ് ലൈറ്റുകൾ അടക്കമുള്ളയുടെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലുമാണ്. എന്നാൽ, പാലം നിർമാണത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മഴ പെയ്യുന്നതോടെ ചെളിക്കുണ്ടിലൂടെയും ഭീമൻ ഗർത്തങ്ങളിലൂടെയും വേണം യാത്ര ചെയ്യാൻ. പലപ്പോഴും ഈ ഭാഗത്ത് വലിയ ഗതാഗത തടസവും പതിവായിരിക്കുകയാണ്.
ഇരുചക്ര വാഹന യാത്രക്കാരും നന്നേ പാടുപെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. അതോടൊപ്പം കാൽനട യാത്രക്കാർക്കും റോഡിലെ വെള്ളക്കെട്ടും ചെളിയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാലത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.