പരിസ്ഥിതിലോല പുനഃപ്രഖ്യാപനം: കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
1441803
Sunday, August 4, 2024 3:16 AM IST
ചെറുതോണി: ഇടുക്കി ജില്ലയിലെ 51 വില്ലേജുകൾ പരിസ്ഥിതി ലോലമാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ജില്ലയിലെ 43 വില്ലേജുകൾ പരിസ്ഥിതിലോലം എന്നും കേരളത്തിലൊട്ടാകെ 123 വില്ലേജുകൾ പരിസ്ഥിതി ലോലമെന്നുമുള്ള മുൻ നിലപാടിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും ഇതിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും എട്ടു വില്ലേജുകൾ കൂടുതൽ ചേർത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഇത് ഇടുക്കി ജില്ലയിലെ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളെയാകെ കുടിയിറക്കി ഇവിടമാകെ വനമാക്കി മാറ്റി അന്താരാഷ്ട്ര കാർബൺ ഫണ്ട് നേടിയെടുക്കാനുള്ള ഗൂഢാലോചനയായി മാത്രമേ കാണാൻ കഴിയൂ. അടുത്തകാലത്താണ് കേരള സർക്കാർ ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറിയത്.
സംസ്ഥാന സർക്കാരിന്റെ പരിശ്രമഫലമായി പഞ്ചായത്തുകളിൽ പരിശോധന നടത്തി ജനവാസ മേഖലകളെ ഒഴിവാക്കാനുള്ള റിപ്പോർട്ട് തയാറാക്കി അയച്ചിട്ടുള്ളതുമാണ്. ജനകീയ സമിതികളുടെയും പഞ്ചായത്തുകളുടെയും റിപ്പോർട്ടുകൾ തള്ളി കേന്ദ്രത്തിൽനിന്നു കെട്ടിയിറക്കിയ ചില കപട പരിസ്ഥിതി വാദികളായ ഉദ്യോഗസ്ഥന്മാർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രിബൂണൽ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി എന്നാണ് അറിയുന്നത്.
ജില്ലയിൽ കൃഷി ചെയ്യുവാനും വ്യാപാര വ്യവസായങ്ങളിൽ ഏർപ്പെടാനും ഉള്ള അവകാശത്തിന് വേണ്ടി ഇത്തരം ജനവിരുദ്ധമായ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മുന്നറിയിപ്പ് നൽകി.
എംപിമാര്‍ ഇടപെടാത്തതു മൂലമെന്ന് സിപിഎം
ചെറുതോണി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല മേഖലയായി ജില്ലയിലെ 47 വില്ലേജുകളും പുനഃ പ്രസിദ്ധീകരണം വന്നത് എംപിമാരുടെ ഇടപെടല്‍ ഉണ്ടാകാത്തതുമൂലമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്.
ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അഞ്ചുവര്‍ഷം പാര്‍ലമെന്റിനകത്ത് മിണ്ടാതിരുന്നതിന്റെയും പരിസ്ഥിതി സംഘടനകള്‍ക്ക് ചൂട്ടുപിടിച്ചതിന്റെയും പരിണിതഫലമാണ് പരിസ്ഥിതി ലോല പുനഃപ്രസിദ്ധീകരണം ഉണ്ടായത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കൃഷി, തോട്ടം, ജനവാസകേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 2018 ല്‍ തന്നെ കേരളം സമഗ്രവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുവരെ ഉണ്ടായിരുന്ന 9,999 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശത്തിന് ഇളവുകള്‍ വരുത്തി 8,868 ചതുരശ്ര കിലോമീറ്റർ വനത്തില്‍ മാത്രം ഇഎസ്എ നിജപ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ജണ്ടയ്ക്കുള്ളില്‍ മാത്രം ഇഎസ്എ നിജപ്പെടുത്തി കൃഷിയിടങ്ങളില്‍ ഇടകലര്‍ന്നു കിടക്കുന്ന ഇഎസ്എ മുഴുവന്‍ ഒഴിവാക്കിയാണ് വിസ്തൃതി കുറച്ചെടുത്തത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് പഠിക്കുവാന്‍ കേന്ദ്രം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
സമിതി റിപ്പോര്‍ട്ട് പഠിച്ചുവരുന്നതിനിടയിലാണ് വീണ്ടും കരട് വിജ്ഞാപനം പുനഃപ്രസിദ്ധീകരണം ഉണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ആരോപിച്ചു.