ജനങ്ങളെ ഭീതിയിലാഴ്ത്തി 110 കെവി ഡബിൾ സർക്യൂട്ട് പദ്ധതി; പ്രതിഷേധം ശക്തം
1430100
Wednesday, June 19, 2024 4:24 AM IST
കട്ടപ്പന: പീരുമേട്-കട്ടപ്പന 110 കെവി ലൈൻ ഡബിൾ സർക്യൂട്ട് പദ്ധതി പ്രാരംഭ സർവേ അനുസരിച്ച് ജനവാസ മേഖലയിലൂടെ കൊണ്ടുപോകാൻ അനുമതി നൽകിയ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധം. ജനവാസ മേഖലയിലൂടെ വൈദ്യുതി ലൈൻ കൊണ്ടുപോകില്ലെന്ന ജനപ്രതിനിധികളുടെയും എഡിഎമ്മിന്റെയും ഉറപ്പ് നിലനിൽക്കെയാണിത്.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ആറോളം വാർഡുകളിലെ ജനവാസ മേഖലയിലൂടെ ഏഴു കിലോമീറ്റർ ദൂരത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ കൊണ്ടുപോകുവാനാണ് പദ്ധതിയിട്ടിയിരിക്കുന്നത്.
ജനങ്ങളുടെ ആശങ്ക പരിഗണിച്ച് 2022 ജൂലൈയിൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുവാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് വൈദ്യുതിലൈൻ കൊണ്ടുപോകുവാനായി നിശ്ചയിച്ച് അടയാളപ്പെടുത്തിയ ജനവാസ മേഖലകളും വനം വകുപ്പിന്റെ അധീനതയിലുള്ള തേക്ക് പ്ലാന്റേഷനും എഡിഎം സന്ദർശിച്ചു. ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിലൂടെ വൈദ്യുതി ലൈൻ കൊണ്ടു പോകണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് അന്ന് അദ്ദേഹം പ്ലാന്റേഷൻ അടക്കം സന്ദർശിച്ചത്.
പിന്നീട് ഭൂഗർഭ കേബിൾ വഴി വൈദ്യുതി പ്രസരിപ്പിക്കുവാൻ കഴിയുമോയെന്ന സാധ്യതയും അതിനുള്ള ചെലവും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായി എഡിഎം ചർച്ച ചെയ്തിരുന്നു. എന്നാൽ, വൈദ്യുതി ഭൂഗർഭ കേബിൾ വഴി കൊണ്ടുപോകുന്നതിന് ചെലവ് കൂടുതൽ ആണെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. ജനങ്ങൾ കൂടുതലായി താമസിക്കുന്ന മേഖലയിലൂടെ ലൈൻകടന്നു പോകുന്നില്ലെന്നും ട്രാൻസ്മിഷൻ വിഭാഗം നൽകിയ റിപ്പോർട്ടിൽ ഉള്ളതാണ്.
ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിൽ ടവറുകൾ സ്ഥാപിച്ച് സർക്യൂട്ട് ലൈൻ വലിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോയാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് കർഷകർ അറിയിച്ചു.
നിലവിലെ സർവേ പ്രകാരം ഉപ്പുതറ മുതൽ കാഞ്ചിയാർ വരെയുള്ള 15 കിലോമീറ്റർ പരിധിക്കുള്ളിലെ ജനവാസ മേഖലയിലൂടെ 22 മീറ്റർ വീതിയിലാണ് ലൈൻ കടന്നുപോകുന്നത്.