ഇടുക്കി മെഡിക്കൽ വിദ്യാർഥികളുടെ രാപ്പകൽ സമരം ആറാം ദിവസത്തിലേക്ക്; മന്ത്രിതല ചർച്ച ഇന്ന്
1425275
Monday, May 27, 2024 2:35 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ നടത്തിവരുന്ന രാപ്പകൽ സമരം അഞ്ച് ദിവസം പിന്നിട്ടു. ഇന്ന് തിരുവനന്തപുരത്ത് രാവിലെ 10ന് മന്ത്രിയുമായി വിദ്യാർഥി പ്രതിനിധികൾക്ക് ചർച്ചയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
സമരം തുടങ്ങി മൂന്നാം ദിവസം മന്ത്രി റോഷി അഗസ്റ്റ്യനും ആരോഗ്യ വകുപ്പ് മന്ത്രിയുടെ പിഎയുമായി വിദ്യാർഥി പ്രതിനിധികൾ തിരുവനന്തപുരത്തു നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ലാബിന്റെ നിർമാണം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്നും മറ്റു കുറവുകൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി ഇടുക്കിയിലെത്തി ചർച്ച ചെയ്യുമെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിൻ വിദ്യാർഥി പ്രതിനിധികളെ അറിയിച്ചത്. ഇതിനു മുമ്പു മൂന്നുതവണയും പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി എന്ന് ഇടുക്കിയിൽ എത്തുമെന്ന് വ്യക്തമാക്കാത്തതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. ഇതോടെ സമരം തുടരാൻ വിദ്യാർഥികൾ തീരുമാനിച്ചു.
വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഇന്ന് മന്ത്രി തലത്തിൽ നടക്കുന്ന ചർച്ചക്കൊപ്പം ഇടുക്കി കളക്ടറേറ്റിൽ ആശുപത്രിവികസന സമിതിയുമായി വിദ്യാർഥി പ്രതിനിധികളുടെ ചർച്ച നടക്കും. ഒരാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ ലാബിന്റെ നിർമാണമാരംഭിക്കുമെന്ന് വാക്കാലുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും മന്ത്രിയിൽനിന്നു നേരിട്ട് ഉറപ്പ് ലഭിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഇതിനിടെ മെഡിക്കൽ വിദ്യാർഥികളുടെ സമരത്തിന് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാർഥികളുടെ സമരത്തിന് കോൺഗ്രസ് പിന്തുണ
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ കഴിഞ്ഞ അഞ്ചു ദിവസമായി രാപ്പകൽ സമരം നടത്തുന്ന മെഡിക്കൽ വിദ്യാർഥികളെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി പടിക്കൽ അഞ്ചു ദിവസമായി രാപ്പകൽ സമരം നടത്തുന്നത്.
രണ്ടാം വർഷ വിദ്യാർഥികൾക്ക് അനിവാര്യമായ ലബോറട്ടറി, ഹോസ്റ്റൽ സൗകര്യം, വിദഗ്ദരായ ഫാക്കൽറ്റികൾ, ന്യൂ ബ്ലോക്കിൽ ത്രീ ഫെയ്സ് വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള കുറവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരം നടത്തുന്ന വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് കോൺഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
കെപിസിസി അംഗം എ.പി. ഉസ്മാൻ, ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, നേതാക്കളായ എസ്.ടി. അഗസ്റ്റിൻ, സന്തോഷ് കൊല്ലിക്കൊളവിൽ, ടി.എൻ. ബിജു, പി.ജെ. ജോസഫ് തുടങ്ങിയവരാണ് സമര പന്തലിലെത്തിയത്.