അനധികൃത പാറ, മണ്ണ് കടത്തൽ: പോലീസുകാരന് സസ്പെൻഷൻ
1424762
Saturday, May 25, 2024 3:55 AM IST
തൊടുപുഴ: അനധികൃതമായി പാറയും മണ്ണും കടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുട്ടം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.എസ്.ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് സസ്പെൻഡ് ചെയ്തത്.
കരിങ്കുന്നം പ്ലാന്റേഷൻ ഭാഗത്തുനിന്നാണ് ഇയാളുടെ നേതൃത്വത്തിൽ വ്യാപകമായ തോതിൽ പാറ പൊട്ടിച്ചു കടത്തിയത്. ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചടവടവും അനധികൃത പാറഖനനവും ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.
കഴിഞ്ഞ മാസം അഞ്ചിന് അർധരാത്രി പ്ലാന്റേഷൻ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് അനധികൃതമായി കുന്നിടിച്ച് പാറപൊട്ടിച്ച് കടത്തുന്നതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ആർ. മധുബാബുവിന് ലഭിച്ച രഹസ്യ വിവരം തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡിന് കൈമാറുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ ഖനനം ചെയ്ത മണ്ണും പാറയും കടത്തിക്കൊണ്ടു പോകുന്നതിനായി സമീപത്തായി ഏഴ് ടോറസ് ലോറികളും ഒരു ഹിറ്റാച്ചിയും കണ്ടെത്തി. പോലീസിനെ കണ്ടതോടെ ഇവിടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പോലീസ് പിന്തുടർന്ന് പിടികൂടിയപ്പോഴാണ് അത് മുട്ടം പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറായ ഷാജിയാണെന്ന് മനസിലായത്.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കരിങ്കുന്നം പോലീസ് സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിൽ നടക്കുന്ന ഈ അനധികൃത ഖനനത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൈനിംഗ് ആന്റ് ജിയോളജി, റവന്യൂ വകുപ്പുകൾ പുരയിടത്തിൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടം ഉള്ളതായും അനധികൃത പാറ, മണ്ണ് ഖനന മാഫിയയുമായി ഇയാൾക്ക് ബന്ധമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായി. ടോറസ് ലോറികളും ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്ത് ജില്ലാ കളക്ടർക്ക് അനന്തര നടപടികൾക്കായി കൈമാറി.
ഷാജിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ബൈക്കും ഒരു കാറും സ്ഥലത്തുനിന്നു പിടിച്ചെടുത്തു. കരിങ്കുന്നം സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ളതാണ് കാർ. ഇയാൾക്ക് കാസർകോട് ബേടകം, തളിപ്പറന്പ്, വടകര, കുറ്റ്യാടി, വയനാട് അന്പലവയൽ, കണ്ണൂർ കുന്നപുരം, രാജപുരം, കൂത്തുപറന്പ് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
ഇയാൾക്കെതിരേ കരിങ്കുന്നം പോലീസ് സ്റ്റേഷനിലും ക്രിമിനൽ കേസുണ്ട്. അനധികൃത മണ്ണ്, പാറ ഖനനം നടത്തുന്ന ഇയാളാണ് ഷാജിയുടെ ബിസിനസ് പങ്കാളിയായി പ്രവർത്തിക്കുന്നതെന്നും പോലീസ് കണ്ടെത്തി.
പുരയിടത്തിന്റെ ഉടമ 15 ഏക്കറോളം വരുന്ന സ്ഥലം ഷാജിക്ക് വിറ്റെങ്കിലും ഇയാളുടെ പേരിലേക്ക് മാറ്റിയിട്ടില്ലെന്നാണ് വിവരം. പുരയിടം പ്ലോട്ട് തിരിച്ചു വിൽക്കുന്നതിനു മുന്നോടിയായി സ്ഥലത്തെ ചെങ്കുത്തായ ഭാഗം ഇടിച്ചു നിരത്തി മണ്ണും കല്ലും നീക്കം ചെയ്യുന്നതിനോടൊപ്പം അത് വിൽക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.